Join News @ Iritty Whats App Group

‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും ഇല്ലെങ്കിൽ രാജിവെച്ച് കൃഷി ചെയ്യാൻ പോകും’; അതൃപ്തി പരസ്യമാക്കി അണ്ണാമലൈ, ബിജെപി വിടാനൊരുങ്ങുന്നുവെന്ന് സൂചന


ബിജെപി വിടാനൊരുങ്ങി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ. അതൃപ്തി പരസ്യമാക്കി അണ്ണാമലൈ രംഗത്തെത്തി. ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്നും ഇഷ്ടമുണ്ടെങ്കിൽ താൻ പാർട്ടിയിൽ തുടരുമെന്നും ഇല്ലെങ്കിൽ രാജിവെച്ച് കൃഷി ചെയ്യാൻ പോകുമെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ് അണ്ണാമലൈ. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം നേരത്തേ വിശദീകരണവും തേടിയിരുന്നു. കോയമ്പത്തൂർ ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് അണ്ണാമലൈ പറഞ്ഞു. അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ‘ആരാണ് പദവികളിൽ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിർദേശിക്കാൻ എനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോൾ പ്രതികരിക്കും’: -അണ്ണാമലൈ പറഞ്ഞു.

തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസാരിച്ച് തുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടിവരും. ഞാൻ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട് എന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group