Join News @ Iritty Whats App Group

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുലിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ചെയ്തേക്കും, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുലിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ചെയ്തേക്കും, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്


തിരുവനന്തപുരം: യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തേക്കും. രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതികാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.

അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

എന്നാൽ, രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.

ഇന്ന് രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. അതേ സമയം, മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group