ഫോണിലൂടെ മരക്കച്ചവടം നടത്തി മരക്കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ
ഇരിട്ടി: ഫോണിലൂടെ മരക്കച്ചവടം നടത്തി മരക്കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. പയ്യന്നൂർ കാങ്കോല്‍ തളിയില്‍ വീട്ടില്‍ ടി.വി.ഗണേശനെ (47) ആണ് ഇരിട്ടി ഡിവൈ എസ് പി പി.കെ. ധനഞ്ജയബാബുവിന്റെ നിര്‍ദേശപ്രകാരം സി ഐ മെല്‍ബിന്‍ ജോസ്, എസ് ഐ കെ. ഷറഫുദ്ദീൻ എന്നിവര്‍ ചേര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തീവണ്ടിയാത്രയ്ക്കിടയില്‍ കണ്ണൂരില്‍ വച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിട്ടി സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
പായം പഞ്ചായത്ത് കോളിക്കടവിലെ എം.ആർ. അനിൽകുമാറിന്റെ പരാതിയിലായിരുന്നു ഇരിട്ടിയ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്തംബർ 12 നും 19 നും ഇടയിൽ മംഗലാപുരത്തുള്ള എം.കെ. വിനീർ ഫ്‌ളൈവുഡ് കമ്പനി മാനേജർ മുസ്തഫയാണെന്ന് ഫോൺ മുഖാന്തിരം വിശ്വസിപ്പിച്ചാണ് പരാതിക്കാരനും മരക്കച്ചവടക്കാരനുമായ അനിൽ കുമാറിൽ നിന്നും പണം തട്ടിയെടുത്തത്. 16.610 ടൺ റബ്ബർ മരം 1,66,000 രൂപ വിലയുറപ്പിച്ച് മേൽ കമ്പനിയിൽ എത്തിക്കുകയും കമ്പനിയിൽ നിന്നും മരത്തിന് ലഭിക്കേണ്ട തുക തട്ടിയെടുക്കുകയും പിന്നീട് ഫോൺ ഓഫാക്കി മുങ്ങുകയുമായിരുന്നു എന്നുമാണ് പരാതി.
പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അടങ്ങുന്ന സംഘത്തിന്റെ തട്ടിപ്പ് വെളിവാകുന്നത്. പ്ലൈവുഡ് ഫാക്ടറികള്‍ക്കും മറ്റും മരംവില്‍ക്കുന്നവരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ് നടത്തിവന്നത്. മരവുമായി ഫാക്ടറികളിലേക്ക് പുറപ്പെടുന്ന ലോറിയുടെ ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പ് സംഘം സംഘടിപ്പിക്കും. തുടര്‍ന്ന് അവരെ വിളിച്ച് കൂടുതല്‍ തുക നല്‍കാമെന്നും ലോറി ഉടമയേയും മര ഉടമയേയും അറിയിക്കാതെ ആ പണം ഡ്രൈവര്‍മാര്‍ക്ക് കൈക്കലാക്കാമെന്നും വിശ്വസിപ്പിക്കും. തങ്ങള്‍ പറയുന്നിടത്ത് ലോഡിറക്കണമെന്നും നിര്‍ദേശിക്കും. അതിനിടയില്‍ തട്ടിപ്പ് സംഘം പ്ലൈവുഡ് കമ്പനികളും മറ്റുമായി ബന്ധപ്പെട്ട് കച്ചവടം ഉറപ്പിക്കും. മരത്തിന്റെ പണം തങ്ങള്‍ പറയുന്ന അക്കൗണ്ടിലേക്ക് അയക്കണമെന്നും പറയും. തട്ടിപ്പ് സംഘം നിര്‍ദേശിക്കുന്ന സ്ഥലത്ത് ലോറിഡ്രൈവര്‍ ലോഡിറക്കും. ഈ വിവരം അറിഞ്ഞയുടന്‍ തട്ടിപ്പ് സംഘം മരക്കമ്പനി ഉടമയെ വിളിച്ച് തങ്ങള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണമയക്കാന്‍ ആവശ്യപ്പെടും.
പണമയക്കാന്‍ വേണ്ടി ഇവര്‍ കര്‍ണാടകയിലെ ചില ആളുകളുടെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിക്കുക. അതിന് അവര്‍ക്ക് 5000 രൂപ വരെ കമ്മീഷന്‍ നല്‍കും. ഈ അക്കൗണ്ടില്‍ പണമെത്തിയാലുടന്‍ തട്ടിപ്പ് സംഘം കൈക്കലാക്കുകയും ചെയ്യും. എഴുത്തും വായനയും അറിയാത്ത കര്‍ണാടകയിലെയും കേരളത്തിലെയും ആളുകളുടെ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ച് അവരെക്കൊണ്ട് സിംകാര്‍ഡ് എടുപ്പിക്കും. ഈ സിംകാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍വിളി നടത്തി വന്നിരുന്നത്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യും.
ഫോണ്‍ വഴി മാത്രമാണ് ഇവരുടെ ഇടപാട്. ഡ്രൈവര്‍മാരുമായോ മരക്കമ്പനി ഉടമകളുമായോ ഒരിക്കലും മുഖാമുഖം ബന്ധപ്പെടാറുമില്ല. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ തീവണ്ടിയില്‍ സഞ്ചരിച്ചാണ് ഇവർ ഇരകളെ ഫോണില്‍ വിളിച്ച് തട്ടിപ്പിന് കളമൊരുക്കാറുള്ളത്.
തട്ടിപ്പ് സംഘം മരക്കമ്പനി ഉടമകളില്‍ നിന്ന് പണം കൈക്കലാക്കിയ ശേഷം മാത്രമായിരിക്കും ലോറി ഡ്രൈവര്‍മാര്‍ തട്ടിപ്പിനിരയായ കാര്യം അറിയുക. നേരത്തെ ഇവര്‍ വിളിച്ച നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ അത് സ്വിച്ചോഫായ നിലയിലായിരിക്കും. ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗണേശന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുസ്തഫ, ജലീല്‍ പട്ടാമ്പി, വിഷ്ണു, സലീം തുടങ്ങിയ പേരുകളാണ് തട്ടിപ്പിന് ഇവർ ഉപയോഗിക്കാറുള്ളത്.
ഇരിട്ടി കോളിക്കടവ് സ്വദേശി അനില്‍കുമാറിന്റെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ സെപ്തംബർ 12 നും 19 നും ഇടയിൽ മംഗലാപുരത്തുള്ള എം.കെ. വിനീർ ഫ്‌ളൈവുഡ് കമ്പനി മാനേജർ മുസ്തഫയാണെന്ന് ഫോൺ മുഖാന്തിരം വിശ്വസിപ്പിച്ചാണ് പരാതിക്കാരനും മരക്കച്ചവടക്കാരനുമായ അനിൽ കുമാറിൽ നിന്നും പണം തട്ടിയെടുത്തത്. 16.610 ടൺ റബ്ബർ മരം 1,66,000 രൂപ വിലയുറപ്പിച്ച് മേൽ കമ്പനിയിൽ എത്തിക്കുകയും കമ്പനിയിൽ നിന്നും മരത്തിന് ലഭിക്കേണ്ട തുക തട്ടിയെടുക്കുകയും പിന്നീട് ഫോൺ ഓഫാക്കി മുങ്ങുകയുമായിരുന്നു എന്നുമായിരുന്നു പരാതി. അഡീ. എസ്.ഐ പ്രവീണ്‍, എ.എസ്.ഐ ജോഷി സെബാസ്റ്റ്യന്‍, ഇരിട്ടി ഡിവൈഎസ് പിയുടെ സ്‌പെഷല്‍ സ്‌ക്വാഡംഗങ്ങളായ എം.എം.ഷിജോയ്, കെ.ജെ. ജയദേവൻ, രതീഷ് കല്യാടന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post a Comment