Join News @ Iritty Whats App Group

ഓപ്പണ്‍എഐ ത്രിശങ്കുവില്‍; ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി ചാറ്റ്‌ജിപിടിക്കെതിരെ ഏഴ് പരാതികള്‍

ഓപ്പണ്‍എഐ ത്രിശങ്കുവില്‍; ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി ചാറ്റ്‌ജിപിടിക്കെതിരെ ഏഴ് പരാതികള്‍


കാലിഫോര്‍ണിയ:ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി ചാറ്റ്‌ജിപിടിക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കടുക്കുന്നു. ആളുകളെ ആത്മഹത്യയിലേക്കും വികല ചിന്തകളിലേക്കും നയിച്ചതായി ആരോപിച്ചുള്ള ഏഴ് കേസുകളാണ് ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പൺഎഐക്കെതിരെ കാലിഫോര്‍ണിയ കോടതികള്‍ക്ക് മുന്നിലെത്തിയത്. മുമ്പ് മാനസിക പ്രയാസങ്ങള്‍ ഇല്ലാതിരുന്നവരാണ് ചാറ്റ്ജിപിടിയുടെ ഉപയോഗത്തെയും നിര്‍ദ്ദേശങ്ങളെയും തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത് എന്ന് പരാതികളില്‍ പറയുന്നു. ചാറ്റ്‌ബോട്ടുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ തെറ്റായി സ്വാധീനിക്കുന്നതായുള്ള ആരോപണങ്ങള്‍ ആഗോളവ്യാപകമാവുന്നതിനിടയിലാണ് അമേരിക്കയില്‍ ഓപ്പണ്‍എഐ നിരവധി മരണങ്ങളില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.

ചാറ്റ്‌ജിപിടിക്കെതിരെ ഏഴ് കേസുകൾ.

സംശയാസ്‌പദമായ മരണങ്ങള്‍, ആത്മഹത്യ പ്രേരണ, മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ എന്നിവയാണ് കാലിഫോർണിയ സംസ്ഥാന കോടതികളിൽ വ്യാഴാഴ്‌ച ഫയൽ ചെയ്‌ത കേസുകളിൽ ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍. ആറ് മുതിർന്നവർക്കും ഒരു കൗമാരക്കാരനും വേണ്ടി സോഷ്യൽ മീഡിയ വിക്‌ടിംസ് ലോ സെന്‍ററും ടെക് ജസ്റ്റിസ് ലോ പ്രോജക്‌ടും ചേർന്നാണ് ഈ കേസുകള്‍ ഫയല്‍ ചെയ്‌തിരിക്കുന്നത്. ഉപയോക്താക്കളില്‍ മാനസികമായി അപകടം സൃഷ്‌ടിക്കുമെന്ന ആഭ്യന്തര മുന്നറിയിപ്പുണ്ടായിട്ടും ഓപ്പണ്‍എഐ GPT-4o മോഡല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളെടുക്കാതെ തിടുക്കത്തിൽ പുറത്തിറക്കിയതായി പരാതികളില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാല് ചാറ്റ്‌ജിപിടി ഉപയോക്താക്കള്‍ ആത്മഹത്യ ചെയ്‌തു എന്ന പരാതിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചാറ്റ്‌ബോട്ട് എന്ന നിലയില്‍ സഹായിക്കുന്നതിന് പകരം, ചാറ്റ്‌ജിപിടി ആളുകളെ മാനസിക സമ്മര്‍ദത്തിലേക്കും കടുത്ത വിഷാദത്തിലേക്കും തള്ളിവിട്ടതായി പരാതികളില്‍ വിശദീകരിക്കുന്നു. ആത്മഹത്യ ചെയ്യേണ്ട വഴിയെ കുറിച്ചുപോലും ചാറ്റ്‌ജിപിടി പറഞ്ഞുകൊടുത്തതായുള്ള ഗുരുതര ആരോപണങ്ങളും ഈ കേസുകളില്‍ ഓപ്പണ്‍എഐക്കെതിരെയുണ്ട്. കാലിഫോര്‍ണിയ കോടതികള്‍ക്ക് മുന്നിലെത്തിയ ഏഴ് കേസുകളോട് ഓപ്പണ്‍എഐ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പതിനാറുകാരന്‍റെ മരണത്തിലും ചാറ്റ്‌ജിപിടി പ്രതിസ്ഥാനത്ത്

2025 ഓഗസ്റ്റ് മാസത്തില്‍, ഒരു പതിനാറ് വയസുകാരന്‍റെ മരണത്തില്‍ ഓപ്പണ്‍എഐക്കെതിരെ ആരോപണ ശക്തമായിരുന്നു. പതിനാറ് വയസ് മാത്രമുള്ള മകന്‍ ജീവനെടുക്കാന്‍ കാരണം ചാറ്റ്‌ജിപിടിയാണ് എന്ന് വ്യക്തമാക്കി കൗമാരക്കാരന്‍റെ മാതാപിതാക്കള്‍ ഓപ്പണ്‍എഐയ്ക്കും സിഇഒ സാം ആള്‍ട്ടുമാനുമെതിരെ കേസ് ഫയല്‍ ചെയ്‌തിരുന്നു. ചാറ്റ്‌ജിപിടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പതിനാറുകാരന്‍ ജീവനൊടുക്കിയത് എന്നായിരുന്നു ഈ പരാതിയിലെ ഉള്ളടക്കം. കൗമാരക്കാരന്‍റെ മരണം യുഎസില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ ചാറ്റ്‌ജിപിടിയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതായി ഓപ്പണ്‍എഐ പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group