കേരള രാജ്ഭവന്റെ പേര് മാറ്റുന്നു;കേന്ദ്രസര്‍ക്കാരിന്റെ പേരുമാറ്റ ഉത്തരവിന് കാരണമായത് ഗവര്‍ണര്‍ ആര്‍ലേക്കറുടെ ശുപാര്‍ശ
തിരുവനന്തപുരം: കേരള രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നായി മാറുകയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണ കാലത്തെ അവശേഷിപ്പായിരുന്ന രാജ്ഭവൻ എന്ന പേര് മാറ്റണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.
ജനങ്ങള്‍ക്ക് കടന്നു ചെല്ലാൻ കഴിയുന്ന സ്ഥലമായി ലോക്ഭവൻ എന്ന് പേര് മാറ്റണമെന്നായിരുന്നു നിർദ്ദേശം. ഇതിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയതോടെയാണ് കേരള രാജ്ഭവന്റെ പേര് മാറുന്നത്.
ഗവർണർമാരുടെ വാസസ്ഥലവും ഓഫീസുമായ രാജ്ഭവനുകള്‍ക്ക് രാജ്യമാകെ ലോക്ഭവൻ എന്നോ ലോക് നിവാസ് എന്നോ പേരുമാറ്റാമെന്നാണ് കേന്ദ്ര നിർദ്ദേശം. കേരളത്തില്‍ രാജ്ഭവന് ലോക് ഭവൻ എന്നായിരിക്കും പേരുമാറ്റുക.
ഇപ്പോള്‍ മുംബയിലുള്ള ഗവർണർ തിരിച്ചെത്തിയാലുടൻ രാജ്ഭവന്റെ പേര് മാറ്റാനുള്ള ഉത്തരവില്‍ ഒപ്പിടും. തിരുവനന്തപുരത്ത് കവടിയാറില്‍ രാജ്ഭവന്റെ പ്രവേശന കവാടത്തില്‍ രാജ്ഭവൻ എന്നത് ഒഴിവാക്കി ലോക്ഭവൻ എന്ന് സ്വർണലിപികളില്‍ കൊത്തിവയ്ക്കും.
രാജ്ഭവന്റെ പേര് മാറുന്നതോടെ അവിടെ നിന്നുള്ള ഫയലുകളിലും ആശയവിനിമയത്തിലുമെല്ലാം ലോക് ഭവൻ എന്നായി മാറും. അടുത്തിടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്ഭവന്റെ പേര് 'ലോക്ഭവൻ' എന്നാക്കണമെന്ന് ഗവർണർ പറഞ്ഞിരുന്നു.
രാജ്ഭവൻ ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കരുതെന്നും ലോക്ഭവൻ എന്ന പേര് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയില്‍നിന്നു മാസിക ഏറ്റുവാങ്ങിയ ശശി തരൂർ എംപിയും പറഞ്ഞിരുന്നു.
രാജ്ഭവൻ ജനങ്ങളില്‍ നിന്ന് അകലെയുള്ള ഭരണഘടന സ്ഥാപനമാകരുത്. ജനങ്ങളെ കേള്‍ക്കുന്നതും അവരുടെ അഭിലാഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുമായിരിക്കണം രാജ്ഭവൻ എന്ന് തരൂർ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ മാറ്റങ്ങളില്‍ പ്രധാനമാണ് കൊളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായ പേരുമാറ്റം. ജനങ്ങളും രാജ്ഭവനും തമ്മിലുള്ള അകലം കുറയ്ക്കാൻ വേണ്ടിക്കൂടിയാണ് രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കുന്നത്.
രാജ്ഭവനുള്ളില്‍ പ്രതിമാസ പൊതു പരിപാടികള്‍ ഗവർണർ മുൻകൈയെടുത്ത് ഇപ്പോള്‍ സംഘടിപ്പിക്കുന്നുണ്ട്.
മാദ്ധ്യമ പ്രവർത്തകർക്ക് രാജ്ഭവനില്‍ അടുത്ത കാലം വരെ പ്രവേശനം അനുവദിച്ചിരുന്നത് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നടക്കുന്ന 'അറ്റ് ഹോം" എന്ന ചായസത്കാരത്തിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാവേളകളിലും മാത്രമായിരുന്നു.
ഇപ്പോള്‍ രാജ്ഭവനില്‍ ഗവർണർ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കുന്നു. നിലപാട് വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ചുകൂട്ടാൻ വരെ ഗവർണർമാർ നിർബന്ധിതരാവുന്നു.
മാദ്ധ്യമങ്ങളും രാജ്ഭവനും തമ്മില്‍ പാലിക്കപ്പെട്ടിരുന്ന അകലം ഇല്ലാതായി. വാർത്തകളുടെ ഉത്ഭവകേന്ദ്രമായി രാജ്ഭവൻ മാറിയിട്ടുണ്ട്.
Post a Comment