Join News @ Iritty Whats App Group

മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാ​ഗം, സമരവേദി വിട്ടിറങ്ങി വിമതർ; പുതിയ വേദിയിൽ സമരം തുടരും

മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാ​ഗം, സമരവേദി വിട്ടിറങ്ങി വിമതർ; പുതിയ വേദിയിൽ സമരം തുടരും


കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താൽക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യർ പറഞ്ഞു. വഖഫ് ബോർഡ് ആസ്തിപട്ടികയിൽ നിന്ന് ഭൂമി മാറ്റൽ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദർ ആന്റണി സേവ്യർ വ്യക്തമാക്കി.

സമരസമിതിയുടേത് ശരിയായ തീരുമാനമാണെന്നും മുനമ്പം പ്രശ്നത്തിൽ സർക്കാർ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. പണം കൊടുത്ത് സ്ഥലം വാങ്ങിയവരാണ് നിയമപരമായ അവകാശികൾ. ആ അവകാശങ്ങൾ ഉറപ്പ് വരുത്താനാണ് കമ്മീഷനെ വെച്ചത്. സമരം അവസാനിപ്പിക്കണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അന്ന് തുടരാനായിരുന്നു സമിതിയുടെ തീരുമാനം. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. ഇപ്പോൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് സമരസമിതിയാണ്. ഏത് തീരുമാനം എടുത്താലും സർക്കാർ ഉറപ്പ് നൽകിയ കാര്യങ്ങൾ ചെയ്യും. നിയമപരമായ അവകാശം സംരക്ഷിക്കാൻ സാധ്യമായത് ചെയ്യും. സമരം ചെയ്യുമ്പോഴും പരിഹാരം കാണാൻ സമിതി സർക്കാരിനൊപ്പം നിന്നിരുന്നെന്നും മന്ത്രി രാജീവ് പറഞ്ഞു.

റവന്യു അവകാശം പുനസ്ഥാപിക്കണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടത് സർക്കാരാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ആ ദിവസം തന്നെ നികുതി സ്വീകരിച്ചത് നിലപാടുള്ളത് കൊണ്ടാണ്. കൃത്യമായ നിലപാട് സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഒരാളെയും ഇറക്കിവിടില്ല എന്നത് തന്നെയാണ് നിലപാട്. സമരത്തെ ഒരു ഘട്ടത്തിലും പരിഗണിക്കാതിരുന്നിട്ടില്ലെന്നും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സമരവേദി വിട്ടിറങ്ങിയ വിമതർ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് വേദിയിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. ശാശ്വതമായ പരിഹാരം കാണും വരെയും സമരം തുടരുമെന്നും സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്നുമാണ് വിമതർ പറയുന്നത്. ഇവർ പുതിയ സമരവേദിയിൽ മുദ്രാവാക്യം മുഴക്കി സമരം ആരംഭിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group