തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു.
സ്ഥാനാർത്ഥി ശ്രീകുട്ടനും എആര്‍എമ്മും അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം. സ്താനാര്‍ത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ വിമര്‍ശിച്ചു. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം.
പ്രകാശ് രാജ് പറഞ്ഞത്
ഇത്തവണ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരത്തിൽ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവര്‍ ചിന്തിക്കണമെന്നായിരുന്നു ജൂറി ചെയര്‍മാൻ പ്രകാശ് രാജ് ഇന്നലെ പ്രതികരിച്ചത്. യുവാക്കളും യുവതികളും മുതിര്‍ന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്. കുട്ടികളുടെ സമൂഹത്തിന്‍റെ ഭാഗമാണ്. എന്താണ് കുട്ടികള്‍ ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണം. സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചുവെന്ന് കരുതി അത് കുട്ടികളുടെ സിനിമയാകില്ല. കുട്ടികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആ സിനിമയിലൂടെ പുറത്തുവരേണ്ടതുണ്ട്. ഒരു സിനിമയും കുട്ടികളുടെ ഭാഗത്തുനിന്നുള്ളതായി ഉണ്ടായില്ലെന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞു.
ദേവനന്ദയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ
പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്
കുട്ടികളും ഈ സമൂഹത്തിന്‍റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും, എആര്‍എമ്മും അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്‍റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമ പ്രവർത്തകരും പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം. അവകാശങ്ങൾ നിഷേധിച്ചു കൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടത്. മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.
Post a Comment