രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്: പ്രത്യേക സംഘം അന്വേഷിക്കും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നേതൃത്വം നൽകും
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.
Post a Comment