Join News @ Iritty Whats App Group

'പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണ്, അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകം'; രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി

'പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണ്, അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകം'; രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി


ദില്ലി: അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. വെറും ഒരു പതാകയല്ല ഇതെന്നും, ഭാരതീയ സംസ്ക്കാരത്തിന്‍റെ പ്രതീകമാണെന്നും ഇന്ത്യയുടെ സാംസ്കാരിക ഉണർവിന്‍റെ പ്രതീകം കൂടിയാണ്. പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

2020 മാര്‍ച്ചില്‍ തുടങ്ങിയ ക്ഷേത്ര നിര്‍മ്മാണത്തിനാണ് സമാപ്തിയായിരിക്കുന്നത്. രാമക്ഷേത്രത്തിന് സമീപം സജ്ജമാക്കിയ 162 അടി ഉയരമുള്ള കൊടിമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചേര്‍ന്ന് പതാക ഉയര്‍ത്തി. 22 അടി നീളവും, 11 അടി വീതിയുമുള്ള പതാകയില്‍ സൂര്യന്‍, ഓം, കൊവിദാര്‍ മരം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ പാരച്യൂട്ട് കമ്പനിയില്‍ 25 ദിവസമെടുത്താണ് പതാക നിര്‍മ്മിച്ചത്. അയോധ്യ ഭാരതീയ സംസ്ക്കാരത്തിന്‍റെ പ്രതീകമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സംഘര്‍ഷ കാലത്തെ ഓര്‍മ്മപ്പെടുത്തി പതിറ്റാണ്ടുകളുടെ മുറിവ് ഉണങ്ങുകയാണെന്നും പറഞ്ഞു.

അയോധ്യയിലെ പതാക സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചിഹ്നമാകട്ടെയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പറഞ്ഞു. രാവിലെ അയോധ്യയില്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. ക്ഷേത്ര നഗരിയിലെ ഉപക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. രാമക്ഷേത്രത്തിലെ പൂജകളിലും ആര്‍എസ്എസ് മേധാവിക്കൊപ്പം പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന പ്രഖ്യാപനം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രതീക്ഷ. കൂടുതല്‍ നിക്ഷേപം അയോധ്യയിലെത്തിച്ച് ക്ഷേത്ര നഗരിയുടെ അടുത്ത ഘട്ട വികസനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയിലുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും അയോധ്യ ക്ഷേത്രം ബിജെപി അജണ്ടയായി തുടരും.

Post a Comment

Previous Post Next Post
Join Our Whats App Group