അശ്ലീല വീഡിയോകൾക്ക് നിരോധനം ആവശ്യപ്പെട്ട് ഹർജി; നേപ്പാളിലെ ജെൻസി പ്രതിഷേധം പരാമർശിച്ച് സുപ്രീം കോടതി
ദില്ലി: രാജ്യത്ത് അശ്ലീല വീഡിയോകൾ നിരോധിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. നേപ്പാളിൽ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെൻസി പ്രതിഷേധങ്ങൾ പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബിആർ ഗവായ് മറുപടി നൽകിയത്. സോഷ്യൽ മീഡിയ നിരോധിച്ചത് കൊണ്ട് നേപ്പാളിൽ എന്താണ് സംഭവിച്ചത്. എന്തായിരുന്നു അതിൻ്റെ ഫലം? എല്ലാവരും കണ്ടതല്ലേ അത് - എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
2025 സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന ജെൻ-സി പ്രതിഷേധം രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ സർക്കാരിനെതിരെ നടന്ന വലിയ യുവജന പ്രക്ഷോഭമായിരുന്നു. ഏറെ കാലമായി രാജ്യത്ത് പുകഞ്ഞുകൊണ്ടിരുന്ന ഭരണ വിരുദ്ധ വികാരം, 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് പിന്നാലെയാണ് ആളിക്കത്തിയത്.
ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പരാമർശവും ചർച്ചയാകുന്നത്. ഡിജിറ്റൽ ഉള്ളടക്കത്തിലെ നിയന്ത്രണങ്ങൾ വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് എങ്ങനെയെന്നതിന്, ഓർമ്മപ്പെടുത്തലാണ് നേപ്പാളിലെ അനുഭവമെന്ന് സൂചിപ്പിക്കുന്നതായി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശം. പൊതുസ്ഥലങ്ങളിൽ അശ്ലീല ഉള്ളടക്കം നിരോധിക്കുന്നതിനും, പ്രായപൂർത്തിയാകാത്തവർ അശ്ലീല ഉള്ളടക്കം കാണുന്നത് തടയാനും ദേശീയ തലത്തിൽ നയരൂപീകരണം ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി.
Post a Comment