Join News @ Iritty Whats App Group

മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ അഞ്ചാം വാർഡിൽ കന്നിയങ്കത്തിനിറങ്ങി ബോംബെക്കാരി

മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ അഞ്ചാം വാർഡിൽ കന്നിയങ്കത്തിനിറങ്ങി ബോംബെക്കാരി


കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ അഞ്ചാം വാർഡിൽ തന്റെ കന്നിയങ്കത്തിനിറങ്ങി ഒരു കൈ നോക്കാൻ ഒരുങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര മുംബൈ ബാൻഡൂപ്പ് സ്വദേശിനി 37 കാരി സ്വാതി സോജൻ. പാലപ്പുഴയുടെ ജനപ്രതിനിധിയാകാൻ യു ഡി എഫ് കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയ സ്വാതി സോജൻ മത്സരിക്കുന്നത് ബി ജെ പിയോടും സിപിഎമ്മിനോടുമാണ്. 

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിലെ അത്തിത്തട്ട് വാർഡിൽ ആസാം സ്വദേശിനി മുൻമി സജേഷ് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചത് സംസ്ഥാന തലത്തിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. സ്വന്തമായി വീടില്ലാത്ത മുൻമിയുടെ കുടുംബത്തിന്റെ സ്ഥിതി വാർത്തകളിലൂടെ അറിഞ്ഞ അന്ന് എം പിയായിരുന്ന സുരേഷ് ഗോപി ഇവർക്ക് വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.    

ഇപ്പോൾ പാലപ്പുഴക്കാരുടെ ജനപ്രതിനിധിയാകാൻ മുംബൈയ്ക്കാരി സ്വാതി സോജൻ (37) കച്ചമുറുക്കിയതോടെ ഈഗ്രാമപഞ്ചായത്ത് വാർഡിലെ മത്സരം ശ്രദ്ധേയമാവുകയാണ്. 17 വർഷം മുമ്പ് പാലപ്പുഴയുടെ മരുമകളായാണ് സ്വാതി സോജൻ കേരളത്തിലേക്ക് എത്തുന്നത്. മഹാരാഷ്ടയുടെ തലസ്ഥാനമായ മുംബൈയ്ക്ക് അടുത്തുള്ള ബാൻഡൂപ്പ് സിറ്റിയിലെ കപ്യൂട്ടർ അധ്യാപികയായിരുന്നു സ്വാതി. മുംബൈയിൽ ഗാർമെൻസ് ജീവനക്കരനായ ശ്യാംസുന്ദറിന്റെയും വീട്ടമ്മയായ സുവർണ്ണയുടേയും നാല് പെൺമക്കളിൽ ഇളയവളായിരുന്നു. 

മുംബൈയിൽ ടാക്‌സി ഡ്രൈവറായ പാലപ്പുഴയിലെ എ.വി. സോജനെ വിവാഹം കഴിച്ചാണ് കേരളത്തിലേക്ക് എത്തുന്നത്. പരമ്പര്യമായി കോൺഗ്രസ് കുടുംബത്തിലെ അംഗം എന്ന നിലയിലുള്ള രാഷ്ട്രീയ പരിചയം മാത്രമെ സ്വാതിക്കുള്ളു. ഭർത്താവ് സോജൻ കോൺഗ്രസ് വാർഡ് കമ്മിറ്റി സെക്രട്ടരിയാണ്.
 ഭാഷ ഉൾപ്പെടെ കേരളത്തിൽ എത്തിയാണ് എല്ലാം പഠിച്ചത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ രാഷ്ടീയവും ജനസേവനവും പഠിച്ചെടുക്കണം എന്ന ആഗ്രഹത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

എൽഡിഎഫ് സ്ഥാനാർഥിയായി ബീന പ്രകാശനും ബിജെപി സ്ഥാനാർത്ഥിയായി വിനീതയും മത്സരിക്കുന്നു. മുൻപരിചയം ഇല്ലെങ്കിലും എതിർസ്ഥാനാർഥികൾ മികച്ചതാണെന്നാണ് സ്വാതി പറയുന്നത്. പേരാവൂരിൽസ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ജീവനക്കാരിയായ സ്വാതി ഒരുമാസത്തോളം ജോലിയിൽ നിന്നും അവധി വാങ്ങിയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. 1200 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ആണ് വിജയിച്ചത്. അതിന് മുൻമ്പ് ബിജെപിയും ഇവിടെ വിജയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group