ഇരിട്ടി:വിദേശത്തുനിന്ന് ഉള്‍പ്പെടെ അനധികൃതമായി നടത്തുന്ന പണ ഇടപാടുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടില്‍ ഇരിട്ടി,ആറളം സ്റ്റേഷൻ പരിധിയില്‍ നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു.
വിദേശത്തുള്ള സുഹൃത്തില്‍ നിന്നും 180000 രൂപ ഹുണ്ടി ഇടപാടിലൂടെ കടം വാങ്ങിയ ആറളം സ്വദേശി സവാദ് എന്നയാള്‍ക്കെതിരെ ആറളം പോലീസ് ബി.എൻ.എസ് 112 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് .
ഹുണ്ടി ഏജന്റിന്റെ അക്കൗണ്ടില്‍ നിന്നും സവാദിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേയിലൂടെ ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. സവാദിന്റെ ബാങ്ക് ഇടപാടുകള്‍ മുതല്‍ സോഷ്യല്‍ മീഡിയ ചാറ്റ് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് അനധികൃത പണം കൈമാറ്റം നടന്നതായി സ്ഥിരീകരിച്ചു.
ഇരിട്ടി പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലും കീഴൂർ സ്വദേശിയായ പ്രതീഷ് പ്രതിയാണ്. ഈയാള്‍ ബന്ധുക്കളുടെ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് പണമിടപാട് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യ രജിഷയേയും ഒരു കേസില്‍ ഇരിട്ടി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. രജിഷയുടെ പേരിലുള്ള കാനറ ബാങ്ക് , ഇ.എസ്.എ.എഫ് ഇരിട്ടി ശാഖ അക്കൗണ്ടുകളിലൂടെ അനധികൃത പണം കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തിയത് . അക്കൗണ്ടിലേക്ക് പണം കൈമാറിയ കാസർകോട് സ്വദേശികളായ സമദ് ,ജോബർ എന്നിവർക്കെതിരെയും ബി.എൻ.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ ഹുണ്ടി ഇടപാടുകാരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരുടെ സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. ഇതേക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളുടെ ഉടമകളും ബന്ധുക്കളുമായ മീത്തലെ പുന്നാട്ടെ ഭാവനയുടെയും ബബീഷിന്റെയും പേരിലും ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബബീഷിന്റെ കാനറ ബാങ്കിന്റെ ഇരിക്കൂർ ശാഖയിലെ അക്കൗണ്ടും ഭാവനയുടെ ഇരിട്ടി ഗ്രമീണബാങ്ക് ശാഖയിലെ അക്കൗണ്ടും അനധികൃത പണമിടപാടിനായി ഉപയോഗിച്ചതായാണ് പരിശോധനയില്‍ പൊലീസ് സ്ഥിരീകരിച്ചത്. പ്രതീഷിന്റെ പേരില്‍ മറ്റ് പല സ്റ്റേഷനുകളിലും കേസ് നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹുണ്ടി എന്ന നിയമവിരുദ്ധ ഇടപാട്
പണം ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്റി, മറ്റൊരിടത്തു നിന്ന് ആ രേഖ കാണിച്ച് പണം തിരികെ കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാക്കുന്ന പണമിടപാടാണ് ഹുണ്ടി. വിദേശത്ത് ജോലിചെയ്യുന്നവർ നാട്ടില്‍ എത്തിക്കേണ്ട പണം വിദേശത്തെ ഹുണ്ടി ഏജന്റിന് കൈമാറുന്നു . മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞ ഇടത്തേക്ക് പണം നാട്ടില്‍ ഹുണ്ടി ഏജന്റ് എത്തിക്കുന്നു. ഇടപാടുകാരുടെ വിശ്വസ്തതയാണ് നിയമവിരുദ്ധ നടപടി തുടരുന്നതിന് പിന്നില്‍.
മറ്റുള്ളവരുടെ ഇടപാടിന് കൂട്ടുനില്‍ക്കരുത്
മറുപടിയില്ലെങ്കില്‍ കുടുങ്ങും
നിയമസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഹുണ്ടി പണഇടപാടുകള്‍ ഏതുസമയവും പിടിക്കപ്പെട്ടേക്കാം.പണം ഇടപാട് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് അറസ്റ്റ് , റിമാൻഡ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ് .
Post a Comment