Join News @ Iritty Whats App Group

ഇരിട്ടിയിൽ സീബ്ര ലൈൻ (പെഡസ്ട്രീൻ ക്രോസിങ്) നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്;99 വാഹനങ്ങൾക്കെതിരെ നടപടി

ഇരിട്ടിയിൽ സീബ്ര ലൈൻ (പെഡസ്ട്രീൻ ക്രോസിങ്) നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്;99 വാഹനങ്ങൾക്കെതിരെ നടപടി


ഇരിട്ടി: സീബ്ര ലൈൻ (പെഡസ്ട്രീൻ ക്രോസിങ്) നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഇരിട്ടിയിൽ നിയമ ലംഘനം നടത്തിയ 99 വാഹനങ്ങൾ പിടിയിലായി. നഗര മേഖലയിൽ വൺവേ തെറ്റിച്ചു 7 വാഹനങ്ങളും പിടികൂടി. ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ നികുതി അടയ്ക്കാതെ ഓടിയ 3 ‌സ്റ്റേജ് കാര്യേജ് ബസുകളും 1 വർഷമായി പെർമിറ്റില്ലാതെ ഓടിയ 1 സ്‌റ്റേജ് കാര്യേജ് ബസും പിടികൂടി. 

ലൈസൻസില്ലാതെ വാഹനം ഓടിച്ച 12 കേസുകളും പിടികൂടി. ഇൻഷുറൻസ് ഇല്ലാതെ ഓടിയ വാഹനങ്ങളും പിടിയിലായിട്ടുണ്ട്. ഓവർലോഡ് കേസുകൾ 5 വാഹനങ്ങൾ കുടുങ്ങി. ഇവരിൽ നിന്നു മാത്രം 1.5 ലക്ഷം രൂപ പിഴ ഈടാക്കി.
 സീബ്രാ ലൈൻ ലംഘകർക്കെതിരെ കർശന നടപടി തുടരാനാണ് എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് തീരുമാനം. മറ്റു മോട്ടർ വാഹന കേസുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം നിയമ ലംഘകരെ തടഞ്ഞു വച്ചു കയ്യോടെ പിടികൂടി പിഴ അടപ്പിക്കുന്ന രീതി അല്ല സീബ്ര ലൈൻ കേസിലും വൺവേ തെറ്റിക്കുന്ന കേസിലും ഉള്ളത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും. സ്‌ഥലത്ത് വച്ച് പിടികൂടില്ല. കോടതിയിൽ നിന്ന് നോട്ടിസ് വരുമ്പോൾ മാത്രം ആണ് വാഹനം ഉടമ അറിയുക. കോടതി നിശ്ചയിക്കുന്ന പിഴ തുകയാണു അടയ്ക്കേണ്ടത്. കോടതി തീർപ്പാക്കുന്ന കാലഘട്ടം വരെ വണ്ടി സംബന്ധിച്ചു കൈമാറ്റം ഉൾപ്പെടെ ഒരു നടപടികളും സാധിക്കില്ല.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന സമയത്ത് കാൽനട യാത്രക്കാർക്ക് പ്രാധാന്യം നൽകണമെന്നാണ് നിയമം എങ്കിലും വാഹന ഡ്രൈവർമാർ യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് നേരത്തേ മുതൽ പരാതിയുണ്ട്. അടുത്ത കാലത്ത് ജില്ലയിൽ സീബ്രാ ലൈനിൽ വാഹനം ഇടിച്ചു പരുക്കേറ്റ സംഭവങ്ങളും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് ശക്‌തമായ നടപടിക്കു തീരുമാനിച്ചതെന്നു എൻഫോഴ്സസ്മെന്റ് അധികൃതർ അറിയിച്ചു. ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും പരിശോധന നടത്തും. എംവിഐമാരായ സുനേഷ് പുതിയവീട്ടിൽ, ബിജു, എഎംവിഐ വി.ആർ. ഷനിൽകുമാർ എന്നിവർ നേതൃത്വം നൽകി. രാത്രി എതിരെ വാഹനങ്ങൾ വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്ത് നൽകാതിരിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനമുണ്ട്. സീബ്രാ ലൈനിൽ കാൽനടയാത്രക്കാർ പ്രവേശിക്കുന്നത് കണ്ടാൽ തൊട്ടുമുൻപായി റോഡിൽ രേഖപ്പെടുത്തിയ സ്റ്റോപ് ലൈനിൽ വാഹനം നിർത്തിയിട്ടു കൊടുക്കണമെന്നാണ് മോട്ടർ വാഹന നിയമം.

Post a Comment

Previous Post Next Post
Join Our Whats App Group