പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാര്‍ത്ഥി അടക്കമുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
കണ്ണൂർ: പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവ്.
പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂർ കാറമേല്‍ വി കെ നിഷാദ്, വെള്ളൂർ ടി സി വി നന്ദകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പട്ടാപ്പകല്‍ പൊലീസുകാരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി.
കേസില്‍ എ മിഥുൻ, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസില്‍ 5 വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ 10 വർഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. ശിക്ഷാവിധി വരുന്നതു കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നില്ല.
ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി കെ നിഷാദ്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.
പയ്യന്നൂർ എസ്‌ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കില്‍ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകള്‍ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
Post a Comment