Join News @ Iritty Whats App Group

പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോട്: കാസർകോട് മഞ്ചോടിയിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം. വീടിൻ്റെ പിൻവശത്തെ ഗ്രിൽ പൊളിച്ച് അകത്തുകടന്ന കള്ളൻ 11 പവൻ സ്വർണം കവർന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദുബൈയിൽ ജോലി ചെയ്യുന്ന മഞ്ചോടി സ്വദേശി ഷെരീഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഷെരീഫിൻ്റെ ഭാര്യ റുക്സാനയും മക്കളും രണ്ട് ദിവസം മുൻപ് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഈ സമയം മോഷണം നടന്നെന്നാണ് നിഗമനം. വീടിൻ്റെ പിൻവശത്തെ ഇരുമ്പു ഗ്രില്ലും പൂട്ടും പൊളിച്ച് അകത്തുകടന്ന കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്.

പൂട്ടുപൊളിക്കാനുപയോഗിച്ച ഇരുമ്പു പാര വീട്ടിനുളളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയ റുക്സാന മോഷണവിവരം അറിഞ്ഞ ഉടൻ ബന്ധുക്കൾക്കും പൊലീസിനും വിവരം കൈമാറുകയായിരുന്നു. സ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീട്ടിൽ ആളില്ലെന്ന് മനസിലാക്കി തന്നെ മോഷണം നടത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് നിലവില്‍.

Post a Comment

Previous Post Next Post
Join Our Whats App Group