Join News @ Iritty Whats App Group

'റോഡ് റോളർ കയറ്റി നശിപ്പിക്കണം', കടുപ്പിച്ച് മന്ത്രി ഗണേഷ്‍കുമാര്‍; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്

തിരുവനന്തപുരം: ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിര്‍ദേശം നൽകി. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. വിവിധ ജില്ലകളിൽ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്.

കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രിയുടെ പ്രസംഗത്തിനിടെ എയര്‍ ഹോണ്‍ മുഴക്കി വാഹനമെത്തിയത് വിവാദമായിരുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് ഹോണടിച്ച് അമിതവേഗത്തിൽ കയറി വന്ന ഡ്രൈവര്‍ക്കതിരെ നടപടിയെടുക്കാൻ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് എയര്‍ഹോണിൽ കടുത്ത നിലപാടുമായി ഗണേഷ്‍കുമാര്‍ മുന്നോട്ടുപോകുന്നത്. മോട്ടോര്‍ വാഹന വകുപ്പാണ് പരിശേധന നടത്തുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകളുടെ കണക്കുകള്‍ നൽകണമെന്നും നിര്‍ദേശമുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group