ഇരിട്ടി: പരിമിതമായ സൗകര്യങ്ങളോ വന്യമൃഗങ്ങളുടെ ഭീഷണിയോ ഒന്നും, ചെറുപ്പം മുതലേ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ ആറളം ഫാം പുനരധിവാസ മേഖലയിലെ ഉണ്ണിമായയ്ക്ക് തടസമായിരുന്നില്ല.
ഇച്ഛാശക്തി കൈവിടാതെ കഠിനമായ അധ്വാനത്തിലൂടെ ഡോക്ടർ ആകുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഉണ്ണിമായ. ഇതോടെ ആറളം ഫാമിന്‍റെ ആദ്യ ഡോക്ടറാകാനുള്ള ഭാഗ്യവും ഉണ്ണിമായയെ തേടിയെത്തും.
രണ്ടാഴ്ച മുന്പ് എംബിബിഎസ് കോഴ്സിന് ചേരാനായുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി ഉണ്ണിമായ ആറളം ഫാം സ്കൂള്‍ പ്രിൻസിപ്പലിന് അപേക്ഷയുമായി എത്തിയപ്പോഴാണ് ഉണ്ണിമായക്ക് എംബിബിഎസിന് സെലക്‌ഷനായ വിവരം പുറംലോകത്ത് ആദ്യമായി ഒരാള്‍ അറിയുന്നത്. ഫാം പത്താം ബ്ലോക്കിലെ സി.ആർ. മോഹനൻ - ബിന്ദു ദമ്ബതികളുടെ മകളാണ് ഉണ്ണിമായ. കുറിച്യ സമുദായാംഗമായ ഉണ്ണിമായ ഇന്ന് വയനാട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശിക്കും.
സംസ്ഥാനതലത്തില്‍ എസ് ടി വിഭാഗത്തില്‍ 37- ാമത് റാങ്ക് നേടിയാണ് ഉണ്ണിമായ അഭിമാനകരമായ നേട്ടം കൈവരിച്ചത്. എംബിബിഎസ് നേടണമെന്ന ആഗ്രഹത്തെ തുടർന്ന് രണ്ട് വർഷം മുന്പ് ലഭിച്ച ബിഡിഎസ് പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തിയത്. രണ്ടു വർഷം വീട്ടിലിരുന്ന് സ്വയം പഠിച്ചാണ് എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്.
പട്ടികവർഗ വികസന വകുപ്പിന്‍റെ ഇരിട്ടിയിലെ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ താമസിച്ചാണ് ഇരിട്ടി ഹൈസ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കണിയാമ്ബറ്റ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍നിന്നാണ് സയൻസില്‍ പ്ലസ്ടു പഠിച്ചു. ബിഡിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ വീട്ടുകാരുടെ പരിഭവങ്ങള്‍ക്കിടയിലും തളരാതെ രണ്ടു വർഷം വീട്ടിലിരുന്ന് സ്വയം തയാറെടുപ്പ് നടത്തിയാണ് ഉണ്ണി മായ തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള പാത വെട്ടിത്തുറന്നത്. ലയസ സഹോദരിയാണ്.
Post a Comment