Join News @ Iritty Whats App Group

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത, അധിക ചാർജ് ഈടാക്കില്ല, ബുക്കിങ് റദ്ദാക്കുകയുമില്ല; കൺഫേം ടിക്കറ്റിൽ തീയതിമാറ്റാനുള്ള സൗകര്യം അടുത്ത വർഷം മുതൽ

ദില്ലി: യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനായി നിലവിലുള്ള ബുക്കിം​ഗ് റദ്ദാക്കാതെയും അധിക ചാർജ് ഈടാക്കാതെയും കൺഫേം ഇ-ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന രീതി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് . വർഷാവസാനത്തോടെ സംവിധാനം തയ്യാറാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശിച്ചതോടെ അടുത്ത വർഷം ആദ്യം മുതൽ ഈ സൗകര്യം ലഭ്യമാകും. നിലവിൽ, സ്ഥിരീകരിച്ച ഇ-ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് അവരുടെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ സൗകര്യമില്ല. ടിക്കറ്റ് റദ്ദാക്കുകയും പുതിയ തീയതിയിൽ വീണ്ടും ബുക്ക് ചെയ്യുകയും വേണം. യാത്രാ ക്ലാസും റദ്ദാക്കൽ സമയവും അനുസരിച്ച്, ഈ പ്രക്രിയയ്ക്ക് 25 ശതമാനം മുതൽ 50 ശതമാനം വരെ നിരക്കുകൾ ഈടാക്കും.

പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ, നിരക്കിന്റെ 25 ശതമാനം കുറയ്ക്കും. 12 മുതൽ നാല് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ 50 ശതമാനം ചാർജ് ഈടാക്കും. പുറപ്പെടുന്നതിന് നാല് മണിക്കൂറിൽ താഴെ മുമ്പ് റദ്ദാക്കിയ ടിക്കറ്റുകൾക്കും ട്രെയിൻ നഷ്ടപ്പെടുന്ന യാത്രക്കാർക്കും റീഫണ്ട് ലഭിക്കില്ല. നിലവിൽ, ഫിസിക്കൽ റിസർവേഷൻ കൗണ്ടറുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ റീഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ നിലവിലുള്ളൂ. അവിടെ യാത്രക്കാർക്ക് തീയതി മാറ്റാൻ അഭ്യർത്ഥിക്കാം. ഐആർസിടിസി വഴി നടത്തുന്ന ഓൺലൈൻ ബുക്കിംഗുകൾക്ക് അത്തരമൊരു വ്യവസ്ഥയില്ല.

നിർദ്ദിഷ്ട സംവിധാനം പ്രകാരം, യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യാനും ബുക്ക് ചെയ്ത ടിക്കറ്റ് തിരഞ്ഞെടുക്കാനും സീറ്റ് ലഭ്യതയെ ആശ്രയിച്ച് പുതിയ തീയതിയോ ട്രെയിനോ തിരഞ്ഞെടുക്കാനും കഴിയും. യാത്രക്കാർക്ക് നിരക്കിലെ വ്യത്യാസം മാത്രമേ നൽകേണ്ടതുള്ളൂ. ബുക്കിംഗ് പരിഷ്കരിക്കുന്നതിന് കിഴിവ് ലഭിക്കില്ല. എന്നാൽ, പുനഃക്രമീകരിച്ച തീയതിയിൽ സീറ്റ് ലഭിക്കുന്നത് അലോട്ട്മെന്റ് പരിഷ്കരണ സമയത്ത് ലഭ്യതയെ ആശ്രയിച്ചിരിക്കും.

യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യൻ റെയിൽവേയെ ആഗോള നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് നീക്കം. ഔദ്യോഗികമായി ഇത് നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റെയിൽവേയുടെ വിപുലമായ ആധുനികവൽക്കരണ പരിപാടിയുടെ ഭാഗമായി അടുത്ത വർഷം ആദ്യം ഈ സംവിധാനം അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൺഫേം ടിക്കറ്റുകൾ പൂർണമായും റദ്ദാക്കുന്നതിനുപകരം യാത്രാ തീയതികളിൽ മാറ്റം വരുത്താൻ അനുവദിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും. റീബുക്കിംഗിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും, റദ്ദാക്കൽ നിരക്കുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനും സാധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group