Join News @ Iritty Whats App Group

നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സ്പീക്കറുടേതാണ് നടപടി. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്പീക്കർ തന്നെയാണ് ഇവരെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്.

എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എംബി രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. വാച്ച് ആൻഡ് വാർഡുമാർക്കെതിരേ തുടർച്ചയായി പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നുവെന്നും സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്. ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. ശബരിമലയിലെ സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായിരുന്നു. സഭ നടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇന്നും പ്രതിഷേധം ഉയർത്തി. സഭാ നടപടികളോട് സഹകരിക്കില്ലെന്നും സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group