Join News @ Iritty Whats App Group

'രോഗനിർണ്ണയത്തിനായി നടത്തിയ പരിശോധനകൾ ചികിത്സയുടെ ഭാഗം' സുപ്രധാന വിധി; ക്ലെയിം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇംപേഴ്സ്മെന്റ് നൽകാത്തതിനെതിരെ തേവര സ്വദേശി പി. എം. ജോർജ് നൽകിയ പരാതിയിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പോളിസി ഹോൾഡർ ആയിരുന്ന പരാതിക്കാരൻ ചികിത്സാ ചെലവായി ആവശ്യപ്പെട്ട 61,228.99 രൂപ, "രോഗനിർണ്ണയത്തിനു മാത്രമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു" എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി നിഷേധിച്ചിരുന്നു. ഈ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ തെറ്റായി പ്രയോഗിച്ചതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഡി.ബി. ബിനു അദ്ധ്യക്ഷനും വി രാമചന്ദ്രൻ, ശ്രീവിദ്യ ടിഎൻ. എന്നിവർ അംഗങ്ങളുമായ ബഞ്ച്, രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി രോഗനിർണ്ണയത്തിനായി നടത്തിയ പരിശോധനകൾ ചികിത്സയുടെ ഭാഗമാണെന്ന് കണ്ടെത്തി. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ രോഗികൾക്ക് സംരക്ഷണം നൽകാനുള്ളതാണെന്നും, വ്യക്തമായ ചികിത്സാ തെളിവുകൾ ഉണ്ടായിരിക്കെ തെറ്റായ വ്യാഖ്യാനത്തിന്റെ പേരിൽ ക്ലെയിം നിരസിക്കുന്നത് അനീതിയാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരന് ചികിത്സാ ചെലവായ 60,783.30 രൂപ, സേവനത്തിലെ പിഴവിനും മാനസിക ബുദ്ധിമുട്ടിനുമുള്ള നഷ്ടപരിഹാരമായി 10,000 രൂപ, കോടതി ചെലവായി 5,000 രൂപ എന്നിവ ഉൾപ്പെടെയുള്ള തുക 30 ദിവസത്തിനകം നൽകണമെന്ന് കമ്മീഷൻ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. റെയ്നോൾഡ് ഫെർണാണ്ടസ് ആണ് ഹാജരായത്

Post a Comment

Previous Post Next Post
Join Our Whats App Group