Join News @ Iritty Whats App Group

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ സ്വർണഭരണങ്ങൾ മോഷണം പോയ സംഭവം; നഴ്സിങ് ഓഫീസർക്കും പൊലീസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ

കൊല്ലം:കൊല്ലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നഴ്സിങ് ഓഫീസർക്കും പൊലീസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ. ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ നഴ്സിനും ഇത് ഏറ്റെടുക്കുന്നതിൽ പൊലീസിനും വീഴ്ച്ച പറ്റിയെന്നാണ് പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനി കൊല്ലപ്പെടുന്നത്. സ്വർണഭരണങ്ങൾ നഴ്സിങ് ഓഫീസർ വെച്ചത് കുത്തിവെയ്പ്പ് മുറിയിലെ അലമാരയിലാണ്. ആശുപത്രി ഓഫീസിലെ ലോക്കറിലാണ് സ്വർണഭരണങ്ങൾ വെക്കേണ്ടിയിരുന്നത്. അന്ന് തന്നെ പൊലീസിനോട് സ്വർണഭരണങ്ങൾ കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഈ മാസം എട്ടിന് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആഭരങ്ങൾ കാണിച്ചിരുന്നു. അന്നും പൊലീസ് ആഭരങ്ങൾ ഏറ്റുവാങ്ങിയില്ല. പിന്നീട് 11 ന് ശാലിനിയുടെ അമ്മ എത്തിയപ്പോഴാണ് സ്വർണഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.

ഈ മാസം എട്ടിനും 11 നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. ഈ ദിവസങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ നഴ്സിങ് ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. ശാലിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു. ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിക്കുന്നത്. രണ്ടാഴ്ച മുൻപും ആഭരണങ്ങൾ ഏറ്റുവാങ്ങാനായി ലീലാമ്മ ആശുപത്രിയിൽ എത്തിയിരുന്നു. അലമാരയിൽ പൂട്ടി വെച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്നുമാണ് നഴ്‌സുമാർ അന്ന് പറ‌ഞ്ഞത്. ഈ മാസം 8നും 11നും ഇടയില്‍ മോഷണം നടന്നെന്നാണ് നഴ്സിങ് വിഭാഗത്തിലെ ജീവനക്കാരി സ്റ്റേഷനിൽ നല്‍കിയ പരാതിയിൽ പറയുന്നത്. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്. ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയും ചെയ്തു

Post a Comment

Previous Post Next Post
Join Our Whats App Group