Join News @ Iritty Whats App Group

സ്വര്‍ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എസ്ഐടി, രേഖകള്‍ നൽകിയില്ലെങ്കിൽ നിയമനടപടി, തന്ത്രിയുടെ ആവശ്യത്തിൽ തീരുമാനമായില്ല

പത്തനംതിട്ട: ശബരിമല സ്വർണ കവർച്ചയിൽ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി. അതേസമയം, ശബരിമല സ്വർണ്ണ കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് തീരും.

തന്ത്രിയുടെ ആവശ്യം എക്സിക്യൂട്ടീവ് ഓഫീസറും പരിഗണിച്ചില്ല

പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ച് എടുക്കണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും പരിഗണിച്ചില്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ തീരുമാനം ബോർഡിന് വിട്ടു. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ആകില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. നാളത്തെ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്തേക്കും. തന്‍റെ പക്കൽ ഉള്ള ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണമെന്നായിരുന്നു തന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്തും നൽകിയിരുന്നു 2017 ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ ആചാരപ്രകാരം പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയിരുന്നുയ അതിൽ പലവിധ ആരോപണങ്ങൾ ഉന്നയിച്ച് രാജീവരുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group