Join News @ Iritty Whats App Group

സ്വർണം, കുങ്കുമപ്പൂവ്, ഉരുളി, മഞ്ചാടിക്കുരു.., ഒന്നും കാണാനില്ല; ഗുരുവായൂർ ക്ഷേത്രത്തിലും ഗുരുതര വീഴ്ചയെന്ന് ഓ‍ഡിറ്റ് റിപ്പോര്‍ട്ട്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ട് . ഭക്തർ നൽകിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു. 2019 മുതൽ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്തുവന്നത്. നടപടികളിലെ പിഴവാണ് റിപ്പോർട്ടിൽ ഉടനീളം ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ൽ ക്ഷേത്രത്തിൽ നൽകിയ 2000 കിലോ തൂക്കം വരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി എവിടെയും കണക്കിൽ ചേർത്തിട്ടില്ല.

കുങ്കുമപ്പൂവിന് കണക്കില്ല, സ്വര്‍ണം പുതുക്കാത്തതിലും ലക്ഷങ്ങളുടെ നഷ്ടം

1,47000 രൂപയ്ക്കാണ് ദില്ലിയിൽ നിന്ന് കുങ്കുമപ്പൂവ് ക്ഷേത്രത്തിലേക്ക് വാങ്ങുന്നത്. എന്നാൽ, ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന കുങ്കുമപ്പൂവിന് രസീത് നൽകുന്നില്ല. അതുകൊണ്ടുതന്നെ മുഴുവൻ സാധനവും അക്കൗണ്ട് ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കാനാവുന്നില്ല. ക്ഷേത്രത്തിൽനിന്ന് ഉപയോഗം അല്ലാത്ത സാധനങ്ങൾ തിരിച്ചേൽപ്പിച്ചതിനും കുറവ് വന്നിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2650 ഗ്രാം വെള്ളി ഉരുപ്പടി തിരിച്ചേൽപ്പിച്ചപ്പോൾ 750 ഗ്രാം മാത്രമായി. 2020 ജൂലൈ 15ന് എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപ കാലാവധി പൂർത്തിയായ സ്വർണം പുതുക്കി വെയ്ക്കാത്തതുകൊണ്ട് 79 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വത്തിന് ഉണ്ടായി. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന 17 ചാക്കുകളിലായുള്ള മഞ്ചാടിക്കുരു കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്. ഗോപുരത്തിൽ നിന്ന് ദേവസ്വത്തിലെ ജീവനക്കാർ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതായി ഓഡിറ്ററെ അറിയിച്ചിട്ടുണ്ട് . പിന്നീട് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ലെന്നും ഓടിച്ചു റിപ്പോർട്ട്.

ആനക്കൊമ്പ് ചെത്തിയതും കാണാനില്ല

പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതിൽ 530ലധികം കിലോ കാണാനില്ലെന്ന വിചിത്രമായ വിവരവും ഓഡിറ്റ് റിപ്പോർട്ടിന്‍റെ ഭാഗമായുണ്ട് . എന്നാൽ ഇക്കാര്യം സോഷ്യൽ ഫോറസ്റ്റ് എസ്എഫ് ഒ നിഷേധിക്കുന്നുണ്ട്. ആനക്കോട്ടയിൽ നിന്ന് ശേഖരിച്ച് ആനക്കൊമ്പിന്‍റെ അവശിഷ്ടങ്ങൾ പൂർണമായും സർക്കാർ ലോക്കറിൽ ഉണ്ടെന്നാണ് എസ്എഫ്ഒ പ്രതികരിച്ചത്. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച പരാതി സ്വകാര്യ വ്യക്തി സമർപ്പിച്ചിട്ടുണ്ട്. ഹർജിക്ക് മറുപടി സത്യവാങ്മൂലം ദേവസ്വം സമർപ്പിച്ചിട്ടുമുണ്ട് . ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം കമ്മീഷണർക്ക് ലഭിച്ചതിന് പിന്നാലെ സംശയ ദൂരീകരണം നടത്തിയിട്ടുണ്ടെന്നും ക്രമക്കേടുകൾ ഗുരുവായൂർ ദിവസത്തിൽ സംഭവിച്ചിട്ടില്ലെന്നും ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ വിശദീകരിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group