Join News @ Iritty Whats App Group

ലോകവ്യാപകമായി യൂട്യൂബ് സ്‌ട്രീമിംഗ് തടസപ്പെട്ടു, പരാതിപ്രളയത്തിനൊടുവില്‍ വീഡിയോകള്‍ തിരിച്ചെത്തി

തിരുവനന്തപുരം:ഗൂഗിളിന്‍റെ വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആഗോളതലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രവര്‍ത്തനരഹിതമായ ശേഷം തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിയോടെയാണ് യൂട്യൂബ് സ്‌ട്രീമിംഗ് ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബ് മ്യൂസിക് അടക്കമുള്ള മറ്റ് യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും പ്രശ്‌നം ദൃശ്യമായി. ലോക വ്യാപകമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ യൂട്യൂബ് ഔട്ടേജ് ബാധിച്ചു. രാവിലെ 5.23-ഓടെ മൂന്നരലക്ഷത്തോളം പരാതികളാണ് യൂട്യൂബ് ലഭ്യമാകുന്നില്ല എന്നുകാണിച്ച് ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്. യൂട്യൂബിന്‍റെ ചരിത്രത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ഔട്ടേജാണ് ഇന്ന് സംഭവിച്ചത്.

ലോകമെങ്ങും അടിച്ചുപോയി യൂട്യൂബ്

ഇന്ത്യക്ക് പുറമെ യുഎസ്, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ യൂട്യൂബ് സ്‌ട്രീമിംഗ് തടസം നേരിട്ടു. വീഡിയോ സ്‌ട്രീമിംഗില്‍ തടസം നേരിടുന്നു എന്നായിരുന്നു ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തിയ 56 ശതമാനം പരാതികളിലും കാരണമായി പറഞ്ഞിരുന്നത്. യൂട്യൂബ് മൊബൈല്‍ ലഭ്യമാകുന്നില്ലെന്ന് 32 ശതമാനം പേര്‍ പരാതിപ്പെട്ടു. വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ പറ്റുന്നില്ലെന്ന് 12 ശതമാനം പേരും പരാതിപ്പെട്ടു. വീഡിയോകള്‍ ലോഡ് ചെയ്യാനാവുന്നില്ല, സെര്‍ച്ച് ചെയ്യുമ്പോള്‍ ഫലങ്ങള്‍ ലഭിക്കുന്നില്ല, കമന്‍റുകള്‍ ദൃശ്യമാകുന്നില്ല എന്നിങ്ങനെ നീണ്ടു യൂട്യൂബ് കാഴ്‌ചക്കാരുടെ പരാതികള്‍. യൂട്യൂബ് ഹോം പേജ് തുറക്കുമ്പോള്‍ എറര്‍ സന്ദേശം കാണുന്നു എന്നും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.യൂട്യൂബ് ഡൗണ്‍ എന്ന ഹാഷ്‌ടാഗ് എക്‌സില്‍ ട്രെന്‍ഡിംഗ് ആവുകയും അവിടെയും നിരവധി പേര്‍ അസംതൃപ്‌തികള്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. യൂട്യൂബ് പെട്ടെന്ന് അപ്രത്യക്ഷമായതിന്‍റെ സ്‌ക്രീന്‍ഷോട്ട് നിരവധി എക്‌സ് യൂസര്‍മാര്‍ പങ്കിട്ടു. വീഡിയോ അപ‌്‌ലോഡ് ചെയ്യാനോ ഷെഡ്യൂള്‍ ചെയ്യാനോ കഴിയുന്നില്ലെന്നായിരുന്നു ക്രിയേറ്റര്‍മാരുടെ വ്യാപക പരാതി.

സ്‌ട്രീമിംഗ് തടസം പരിഹരിച്ചെന്ന് യൂട്യൂബ്

യൂട്യൂബിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രശ്‌നം പരിഹരിച്ചതായും ഉപയോക്താക്കളുടെ സഹകരണത്തിന് നന്ദി പറയുന്നതായും യൂട്യൂബ് അധികൃതര്‍ അറിയിച്ചു. യൂട്യൂബിലും യൂട്യൂബ് മ്യൂസിക്കിലും യൂട്യൂബ് ചാനലിലും ഇപ്പോള്‍ വീഡിയോകള്‍ കാണാനാകുമെന്ന് യൂട്യൂബ് അധികൃതര്‍ എക്‌സില്‍ കുറിച്ചു. എന്നാല്‍ എന്താണ് യൂട്യൂബ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെടാന്‍ ഇടയാക്കിയ കാരണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിശദീകരണം യൂട്യൂബിന്‍റെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്‍റെ മറ്റ് സേവനങ്ങളെ ഔട്ടേജ് ബാധിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

Post a Comment

Previous Post Next Post
Join Our Whats App Group