Join News @ Iritty Whats App Group

കടുവ കമ്ബിവേലിയില്‍ കുടുങ്ങിയതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് വനംവകുപ്പിനെതിരെ കൊട്ടിയൂരില്‍ പ്രതിഷേധം

കൊട്ടിയൂർ: കഴിഞ്ഞ വർഷം പന്നിയാംമലയിലെ കൃഷിയിടത്തിലെ മുള്ളു കമ്ബിവേലിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ നോട്ടീസ് അയച്ച വനംവകുപ്പിന്റെ നടപടി വിവാദത്തില്‍.


സ്ഥലത്തിന്റെ വിവരങ്ങളും രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫീസർക്കാണ് കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നോട്ടീസ് ലഭിച്ചത്. സ്ഥലത്തിന്റെ സ്കെച്ച്‌, സർവേ നമ്ബർ, കൈവശരേഖകള്‍ എന്നിവ നല്‍കണമെന്നാണ് റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടത്.

കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി ഈ രേഖകള്‍ മുമ്ബും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് റേഞ്ച് ഓഫീസർ അയച്ച നോട്ടീസില്‍ പറയുന്നുണ്ട്. വേഗത്തില്‍ രേഖകള്‍ ലഭ്യമാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പന്നിയാം മല ഉന്നതി റോഡരികില്‍ 2024 ഫെബ്രുവരി 13ന് രാവിലെയാണ് കടുവയെ കമ്ബിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മയക്കുവെടി വച്ച്‌ പിടികൂടി തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കടവു ചത്തിരുന്നു.കടുവ കുടുങ്ങിയത് സംബന്ധിച്ച്‌ വനംവകുപ്പ് കേസെടുത്ത് അന്വേഷണ നടത്തിയിരുന്നു. സ്ഥലം ഉടമയ്ക്കെതിരേ കേസെടുക്കുന്നുവെന്നാരോപിച്ച്‌ അന്ന് നാട്ടുകാരും കർഷകരും ശക്തമായ പ്രതിഷേധമുയർത്തിയതാണ്. തുടർ നടപടികളില്ലാത്ത സാഹചര്യത്തില്‍ വിഷയം അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്ബോഴാണ് വനംവകുപ്പിന്റെ നോട്ടീസ് വീണ്ടുമെത്തിയത്.

ഉദ്യോഗസ്ഥർ നാട്ടിലിറങ്ങില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കടുവ കമ്ബിവേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ സ്ഥലം ഉടമയ്ക്കോ കർഷകർക്കോ എതിരെ നിയമനടപടി ഉണ്ടായാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടില്‍ നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്ബുടാകം പ്രതികരിച്ചത്.. കൃഷിയിടം സംരക്ഷിക്കേണ്ടത് കർഷകന്റെ ആവശ്യമാണ്. വന്യജീവികളെ കാട്ടില്‍ സംരക്ഷിച്ചു നിർത്താനാണ് വനം വകുപ്പിനെ നിയോഗിച്ചിട്ടുള്ളത്. അവ കൃഷിയിടത്തില്‍ ഇറങ്ങാതെ തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് അവസാനിപ്പിക്കാനെന്ന് റേഞ്ചർ

അതെ സമയം കടുവ കെണിയില്‍ കുടുങ്ങിയ സംഭവത്തില്‍ രേഖകള്‍ ഹാജരാക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കിയത് നോട്ടീസ് ആരെയും പ്രതിചേർക്കാനോ പ്രകോപനം സൃഷ്ടിക്കാനോ വേണ്ടിയല്ലെന്ന് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.കടുവ കുടുങ്ങിയ സ്ഥലം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടൊപ്പം സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം പൂർത്തിയാക്കുന്നതിനാണ് റിമൈൻഡർ നോട്ടീസ് നല്‍കിയത്. കേസ് നിയമപരമായി അവസാനിപ്പിക്കാനുള്ള നടപടിക്രമമാണിതെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group