Join News @ Iritty Whats App Group

ശബരിമല സ്വർണ്ണക്കൊള്ള; തട്ടിപ്പിൻ്റെ വ്യാപ്തി കൂടും, സ്വർണ്ണത്തിൻ്റെ അളവിൽ സംശയം, കണക്കുകൾ സ്മാർട്ട് ക്രിയേഷൻസ് നൽകിയത്

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. മോഷണം പോയ സ്വർണ്ണത്തിൻ്റെ യഥാർത്ഥ അളവിൽ ദേവസ്വം വിജിലൻസ് സംശയം രേഖപ്പെടുത്തി. വിജിലൻസിൻ്റെ റിപ്പോർട്ടും മൊഴികളും അനുസരിച്ച്, സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നൽകിയത് സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ്. എന്നാൽ, ഇതിലും കൂടുതൽ സ്വർണ്ണം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് വിജിലൻസിൻ്റെ നീക്കം. ഈ പശ്ചാത്തലത്തിൽ, സ്വർണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്

അതിനിടെ, കേസിൽ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ നിരവധി പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി. ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയപ്പോൾ, സ്വർണവും ചെമ്പും വേർതിരിച്ച ശേഷം, ലഭിച്ച സ്വർണത്തിൻ്റെ പകുതി മാത്രമാണ് പൂശാൻ ഉപയോഗിച്ചതെന്നും കോടതി ഉത്തരവിൽ പറയുന്നു.

പകുതി സ്വർണം മാത്രം പൂശി, ബാക്കി തിരികെ നൽകിയില്ല

കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദ്വാരപാലക ശിൽപങ്ങളുടെ കവചം മാറ്റിയതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത നടപടിയാണ് ഇത്. ദ്വാരപാലക ശിൽപവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചു. സൈഡ് ഫ്രെയിമുകളിൽ നിന്നും ദ്വാരപാലകങ്ങളിൽ നിന്നും മറ്റ് 14 ഇനങ്ങളിൽ നിന്നുമായി ആകെ 989 ഗ്രാം സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്. എന്നാൽ ഇതിൽ 404.8 ഗ്രാം സ്വർണം മാത്രമാണ് പൂശാൻ ഉപയോഗിച്ചത്. പൂശിയതിൻ്റെ പ്രതിഫലമായി 109.243 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിന് കൈമാറി. ഇതിനെല്ലാം ശേഷം 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നതായും കോടതി ഉത്തരവിൽ പറയുന്നു. മിച്ചം വന്ന ഈ സ്വർണം അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഈ സ്വർണം ബോർഡിന് തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

രേഖകളിലെ ഗുരുതര പൊരുത്തക്കേടുകൾ

എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തിൽ വാതിൽ കവചങ്ങളെ 'സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ' എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ ദേവസ്വം കമ്മീഷണറുടെ ശുപാർശയിലും ബോർഡ് തീരുമാനത്തിലും പിന്നീട് തയ്യാറാക്കിയ മഹസറിലും ഇവയെ 'ചെമ്പുപാളികൾ' എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഈ പൊരുത്തക്കേട് അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.മോഷണം പോയ സ്വർണത്തിൻ്റെ അളവിൽ സംശയമുള്ള പശ്ചാത്തലത്തിൽ, ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വർണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. കേസ് ഒക്ടോബർ 21 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group