കോഴിക്കോട്: കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ എസ്‍വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. ഒരു സമുദായത്തിന്‍റെ മൗലികാവകാശം നിഷേധിച്ചിട്ട് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾക്ക് അറിഞ്ഞ മട്ടില്ലെന്നും ഹൈബി ഈഡൻ എംപി വിദ്യാർത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ലേഖനത്തിൽ ആരോപിക്കുന്നു. കർണാടകയിലെ കോൺഗ്രസ് കാണിച്ച ആർജ്ജവമെങ്കിലും സംസ്ഥാന കോൺഗ്രസ് കാണിക്കണമെന്നും വിമര്‍ശിച്ചു. ഹിജാബ് വിവാദത്തിൽ മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു. അതിനുശേഷമാണ് പ്രതികരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം കേരളത്തിന്‍റെ സാംസ്കാരിക മാനം കാത്തു. തല മറയ്ക്കുന്ന കാര്യത്തിൽ ഇസ്ലാമിൽ രണ്ട് അഭിപ്രായമില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഹിജാബ് വിഷയത്തിൽ കര്‍ണാടക കോടതിയുടെ ഉത്തരവ് അവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അവഗണിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ എന്തായുധം കിട്ടിയാലും ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് ബിജെപി മുസ്ലിങ്ങള്‍ക്കെതിരെ ക്രൈസ്തവ അവകാശ സംരക്ഷണകരായി അവതരിച്ചതിൽ അത്ഭുതമില്ല. ഇതേ വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിച്ചതും അവഹേളിച്ചതും ജയിലിലിട്ടതുമെല്ലാം മറന്നു കൊടുക്കാം. തൃപ്പൂണിത്തുറ അവരെ സംബന്ധിച്ച് അൽപ്പം സാധ്യതയുള്ള മണ്ഡലമാണ്. അതാണ് ബിജെപിയുടെ തട്ടത്തിൽ പൊതിഞ്ഞ രാഷ്ട്രീയമെന്ന് വ്യക്തമാണെന്നും ലേഖനത്തിൽ വിമര്‍ശിക്കുന്നു. എന്നാൽ, കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളാരും ഒരു സമുദായത്തിന്‍റെ മൗലികാവകാശം പരസ്യമായി നിഷേധിച്ച വിവരം തന്നെ അറിഞ്ഞ മട്ടില്ല. ഹൈബി ഈഡൻ എംപി കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി തട്ടമിടാതെ തന്നെ സ്കൂളിൽ അയക്കാൻ നിര്‍ബന്ധിച്ചവെന്നും ലേഖനത്തിൽ ആരോപിക്കുന്നു. സ്കൂള്‍ അധികാരികളെ അവരുടെ നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ മുതിര്‍ന്നാൽ അത് മുതലെടുത്ത് ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുമോയെന്ന രാഷ്ട്രീയബോധമാണ് എംപി പ്രകടിപ്പിച്ചത്. ഒരു പതിമൂന്നുകാരി നേരിട്ട അവകാശലംഘനത്തിനെതിരെ ശബ്ദിക്കാന്‍ ഒറ്റ കോണ്‍ഗ്രസുകാരനും ഉണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.
Post a Comment