Join News @ Iritty Whats App Group

ദീപാവലി സമയത്ത് ട്രെയിൻ യാത്രയുണ്ടോ? ഈ വസ്തുക്കൾ കൈവശം വെയ്ക്കരുതെന്ന് റെയിൽവേ

ദില്ലി: ഈ ദീപാവലിക്ക് നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നവരാണോ? എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഒരു സുപ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. തിരക്കേറിയ ഈ ആഘോഷ വേളയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഒരു പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുകയും, തിരക്കേറിയ സീസൺ ഒരു ദുരന്തത്തിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ ദീപാവലിക്ക് ട്രെയിനുകളിൽ വലിയ തിരക്കുണ്ടാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. പുതുതായി റെയിൽവേ പുറത്തിറക്കിയ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് യാത്ര സുഗമവും ആശങ്കയില്ലാത്തതുമാക്കാൻ ഏറെ സഹായിക്കും. ഔദ്യോഗിക നിർദ്ദേശമനുസരിച്ച്, യാത്രക്കാർ ട്രെയിനുകളിൽ താഴെ പറയുന്ന ആറ് സാധനങ്ങൾ കൊണ്ടുപോകുന്നത് ഉറപ്പായും ഒഴിവാക്കണം.

പടക്കങ്ങൾ
മണ്ണെണ്ണ
ഗ്യാസ് സിലിണ്ടറുകൾ
സ്റ്റൗവ്
തീപ്പെട്ടികൾ
സിഗരറ്റുകൾ

ഒരു ചെറിയ തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകുമെന്നിരിക്കെ തീ പിടിക്കാനും എളുപ്പത്തിൽ കത്താനും സാധ്യതയുള്ള വസ്തുക്കളാണ് റെയിൽവേ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപാവലി, ഛത് പൂജ തുടങ്ങിയ ഉത്സവങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്. സ്റ്റേഷനുകൾ യാത്രക്കാരെക്കൊണ്ട് നിറയുകയും പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാരും ലഗേജുകളും തിങ്ങിക്കൂടുകയും ഓരോ കമ്പാർട്ടുമെന്റിലും പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെടുകയും ചെയ്തേക്കാം. ഈ സമയമുണ്ടാകുന്ന ഏതൊരു ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേയ്ക്ക് നയിച്ചേക്കാമെന്ന വസ്തുത മനസിലാക്കിയാണ് റെയിൽവേ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ നിർദ്ദേശങ്ങൾ

പടക്കങ്ങളോ, തീപിടിക്കുന്ന വസ്തുക്കളോ തുടങ്ങി സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ആർ.പി.എഫ് /ജി.ആർ.പി അല്ലെങ്കിൽ റെയിൽവേ ജീവനക്കാരെ അറിയിക്കുക.

വിലപിടിപ്പുള്ള വസ്തുക്കൾ അടുത്തോ അല്ലെങ്കിൽ കാഴ്ചയുള്ള സ്ഥലത്തോ സൂക്ഷിക്കുക.

കഴിവതും കുറച്ച് ലഗേജുമായി യാത്ര ചെയ്യുക. ലഗേജ് കൂടുതലുണ്ടെങ്കിൽ അത് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് വർദ്ധിപ്പിക്കുകയും ട്രെയിനിലെ യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

മോഷണ സാധ്യത കുറയ്ക്കുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റുകൾ പരമാവധി ഉപയോഗിക്കുക.

കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ ഉറപ്പാക്കുക. അവരെ എല്ലായ്പ്പോഴും ശ്രദ്ധിക്കുകയും നിങ്ങളുടെ കാഴ്ചയിൽ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

സുരക്ഷ, തിരക്ക് നിയന്ത്രിക്കൽ, അല്ലെങ്കിൽ അടിയന്തിര വിവരങ്ങൾ എന്നിവയ്ക്കായി അറിയിപ്പുകളും ജീവനക്കാരുടെ നിർദ്ദേശങ്ങളും അനുസരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group