Join News @ Iritty Whats App Group

കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ വിമർശനം, ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് നിര്‍ദേശം

ദില്ലി: കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നു കെ സുധാകരൻ തുറന്നടിച്ചു. ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഔദ്യോഗിക തുടക്കമിടും. നിർണായകമായ രണ്ട് തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയിൽ തഴഞ്ഞതിൽ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടു.

പുനഃസംഘടന, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഇറക്കാത്തത്, യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ നിയമനം തുടങ്ങിയവയിൽ നേതാക്കൾ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പാർട്ടിയിൽ കൂടിയാലോചന ഇല്ലെന്ന പരാതി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും പ്രവർത്തന ശൈലിക്ക് എതിരെയും വിമർശനം ഉയർന്നു. സുധാകരൻ ചർച്ചയിൽ ചിലത് പറഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷനും സ്ഥിരീകരിച്ചു. നേതാക്കളെ വിശ്വാസത്തിൽ എടുത്തു മുന്നോട്ട് പോകുമെന്നും കേരളത്തിൽ വിജയം ഉറപ്പെന്നും ഖർഗെ പറഞ്ഞു.

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടുമോ എന്ന ചോദ്യത്തെ ഖർഗെ ചിരിച്ചു തള്ളി. അത് പറയേണ്ടത് തൻ്റെ ഉത്തരവാദിത്തം അല്ലെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി. നവംബർ ഒന്നിന് ഔദ്യോഗികമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ഇടാൻ എഐസിസി നിർദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് അവതരിപ്പിച്ച പ്രചാരണ പദ്ധതി ചില ഭേദഗതികളോടെ എഐസിസി അംഗീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group