Join News @ Iritty Whats App Group

ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത് രാവിലെ, രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നുപോയി; പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളി നീക്കി, സുരക്ഷാ വീഴ്ച


പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി.

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാവിലെയാണ് ശബരിമലയിൽ ദർശനം നടത്താനായി പുറപ്പെട്ടത്. രാജ്ഭവനിൽ നിന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശേഷം ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് എത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് പോയി. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം പോലീസിൻ്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് പോവുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തും.

സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനം ഉണ്ടായിരിക്കില്ല. ദർശനം കഴിഞ്ഞ ശേഷം രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 24-നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിക്ക് മടങ്ങുക. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിൻ്റെ ഉപഹാരമായി കുമ്പിളിൻ്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും

Post a Comment

Previous Post Next Post
Join Our Whats App Group