Join News @ Iritty Whats App Group

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി: മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരിൽ കേസ്

ബെംഗളൂരു: വാടകമുറിയിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക്‌ സ്വദേശിനി സനാ പർവീണാണ് (19) ജീവനൊടുക്കിയത്. തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ കുറ്റത്തിന് കേസെടുത്തത്.


സനയുമായി സൗഹൃദം പുലർത്തിയ റിഫാസ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും കൂടുതൽ പണം ചോദിച്ചു ശല്യപ്പെടുത്തിയെന്നും സനയുടെ കുടുംബം ആരോപിച്ചു. സനയുടെ പിതാവ് അബ്ദുൾ നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിഫാസിന്റെ പേരിൽ കേസെടുത്തത്. സനയും മറ്റ് മൂന്ന് വിദ്യാർഥിനികളും ഒരു വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇതിൽ ഒരാൾ കഴിഞ്ഞദിവസം നാട്ടിൽ പോയിരുന്നു. മറ്റ് രണ്ടുപേരും വെള്ളിയാഴ്ച കോളേജിൽ പോയെങ്കിലും തലവേദനയാണെന്നു പറഞ്ഞ്‌ സന അവധിയെടുത്തു.



രാവിലെ പത്തോടെ റിഫാസ് വാടകമുറിയുടെ ഉടമയെ ഫോണിൽ വിളിച്ച് സന ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് പറഞ്ഞു. ഇവർ അടുത്ത കെട്ടിടത്തിൽ താമസിക്കുന്ന ചിലർക്ക് ഒപ്പമെത്തി മുറി തുറന്നുനോക്കിയപ്പോഴാണ് സനയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ ജീവനൊടുക്കാൻ പോകുകയാണെന്നറിയിച്ച്‌ റിഫാസിന് സന ഫോണിൽ സന്ദേശം അയച്ചിരുന്നെന്ന്‌ സഹപാഠികൾ പറഞ്ഞു. തുടർന്നാണ് റിഫാസ് കെട്ടിടം ഉടമയെ വിളിച്ചുപറഞ്ഞത്.

സനയിൽനിന്ന് സ്വർണമാല, മോതിരം അടക്കമുള്ള ആഭരണങ്ങൾ വാങ്ങിയ റിഫാസ് പണമാവശ്യപ്പെട്ട് ശല്യം തുടർന്നെന്നാണ് കുടുംബം പറയുന്നത്. നേരത്തേ ഇതറിയാൻ സാധിച്ചില്ലെന്നും ഇപ്പോൾ സഹപാഠികളിൽ നിന്നാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും സനയുടെ പിതാവ് പറഞ്ഞു. എസ്‌വൈഎഫ് സാന്ത്വനം, ബെംഗളൂരു കേളി അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മൃതദേഹം കുടകിലേക്ക് എത്തിക്കുന്നതിന് മേൽനടപടികളെടുത്തു. പിന്നീട് അവിടെ കബറടക്കി

Post a Comment

Previous Post Next Post
Join Our Whats App Group