Join News @ Iritty Whats App Group

ഒരു രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു, ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി

അടിമാലി:കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തക‍ർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. ഇവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. എന്നാൽ സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭ‍ർത്താവ് ബിജുവിനെയും പുറത്ത് എത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തക‍ർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെയും പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു.

ഇന്നലെ രാത്രി രാത്രി 10.30 കഴിഞ്ഞാണ് പ്രദേശത്ത് തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്

Post a Comment

Previous Post Next Post
Join Our Whats App Group