Join News @ Iritty Whats App Group

“ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവർക്കും പ്രധാന സ്ഥാനമുണ്ട്, ഇത് ഇല്ലാതാക്കാന്‍ സംഘപരിവാർ ആഗ്രഹിക്കുന്നു”

ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്നാണ് സംഘപരിവാർ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ശബരിമല വലിയ വിവാദമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്താണ് അവരുടെ ഉദ്ദേശ്യം. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ഇല്ലാതാക്കാന്‍ സംഘപരിവാർ ആഗ്രഹിക്കുന്നു. ഒരു മുസ്‍ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി വാവര് വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും, വാവരെ സമൂഹത്തിന് കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്.

ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ. ശബരിമലയെ അംഗീകരിക്കുന്ന അയ്യപ്പനെ ആരാധിക്കുന്ന ആർക്കും അത് അംഗീകരിക്കാനാവില്ല. എല്ലാവരും അതിനെതിരെ രംഗത്ത് വന്നു. സംഘപരിവാറിന് മേധാവിത്തം കിട്ടിയാൽ ഇതെല്ലാം നഷ്ടപ്പെടും. ഏതിലും തങ്ങളുടെ സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്’’– പിണറായി വിജയൻ പറഞ്ഞു.

“കൊച്ചിയിൽ നടന്ന മലയാള മനോരമയുടെ പരിപാടിയിൽ അമിത് ഷാ ചിലകാര്യങ്ങൾ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടുമെന്നും നിയമസഭയിൽ ഭൂരിപക്ഷം നേടുമെന്നും ആയിരുന്നു അത്. അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആർഎസ്എസിന്റെ തത്വശാസ്ത്രം മേധാവിത്വം വഹിച്ചാൽ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാനാവില്ല. ആർഎസ്എസിന് മേധാവിത്തം കിട്ടിയാൽ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവർക്ക് വേണ്ടത്” എന്നും പിണറായി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group