Join News @ Iritty Whats App Group

‘നരേന്ദ്ര മോദിക്ക് ട്രംപിനെ ഭയം, ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നു’; വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അവഗണന നേരിട്ടിട്ടും നരേന്ദ്ര മോദി ട്രംപിനെ നിരന്തരം അഭിനന്ദിക്കുന്നു. അമേരിക്കയിലേക്കുള്ള ധനകാര്യമന്ത്രിയുടെ പര്യടനം റദ്ദാക്കി. മോദി ഗാസ സമാധാന ഉച്ചകോടി ഒഴിവാക്കിയതും ഇക്കാര്യങ്ങൾ കൊണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇന്ത്യ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മോദി ട്രംപിനെ അനുവദിക്കുന്ന സ്ഥിതിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു. ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പറയാൻ ട്രംപിനെ അനുവദിച്ചിരിക്കുന്നു. ഇന്ത്യ ട്രംപിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടതുണ്ട്. ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കണം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കരുത്. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഷാം എൽ-ഷെയ്ഖ് ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിൻമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group