Join News @ Iritty Whats App Group

സ‍ർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കളോ? രൂക്ഷ വിമ‍ർശനവുമായി എംഎൽഎ

കൽപ്പറ്റ : വയനാട്ടിലെ മൂന്ന് സർക്കാർ സ്കൂളുകളിൽ യുപി ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല. ഒന്നരവർഷം മുൻപ് യുപി അനുവദിച്ച മൂന്ന് സ്കൂളുകളിലും ഓരോ താൽക്കാലിക അധ്യാപകരെ മാത്രമാണ് പഠിപ്പിക്കാൻ നിയോഗിച്ചിരുന്നത്. അധ്യാപകർ ഇല്ലാത്തതിനാൽ രക്ഷിതാക്കൾ പണം പിരിച്ച് സ്കൂളിൽ ഒരു രക്ഷിതാവിനെ പഠിപ്പിക്കാൻ നിയോഗിച്ചിരിക്കുകയാണെന്ന് സിദ്ദിഖ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലുടെ പ്രതികരിച്ചു.

സർക്കാർ സ്കൂളിൽ രക്ഷിതാക്കൾ തന്നെ പഠിപ്പിക്കേണ്ട സ്ഥിതി ദയനീയമൊന്ന് അദ്ദേഹം തുറന്നടിച്ചു. പിന്നോക്ക വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണിത്. സർക്കാരോ, വിദ്യാഭ്യാസ വകുപ്പോ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നും, അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തരുതെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വയനാട്ടിലെ വിദ്യാഭ്യാസ പ്രതിസന്ധി ശരിക്കും ആശങ്കാജനകമാണ്. അധ്യാപക ക്ഷാമം മൂലം രക്ഷിതാക്കൾ തന്നെ പഠിപ്പിക്കേണ്ട സ്ഥിതി, പ്രത്യേകിച്ച് ആദിവാസി കുട്ടികളും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും പഠിക്കുന്ന സ്കൂളുകളിൽ.

വയനാട്ടിലെ വാളവയൽ സ്കൂളിലും, അതിരാറ്റുകുന്ന് സ്കൂളിലും, പുളിഞ്ഞാൽ സ്കൂളിലും പഠിപ്പിക്കാൻ അധ്യാപകരില്ല..! രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പിരിവെടുത്ത് എല്ലാ വിഷയവും രക്ഷിതാക്കളിൽ ചിലരെ അധ്യാപികരാക്കിക്കൊണ്ട് പഠിപ്പിക്കുന്ന ദയനീയ കാഴ്ച്ചയാണ് ഇവിടെ. ആദിവാസി കുട്ടികളടക്കം പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ അവസ്ഥയാണിത്. സർക്കാരോ വിദ്യാഭ്യാസ വകുപ്പോ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.

എല്ലാ മേഖലയിലും വയനാടിനെ അരികുവൽക്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് പരിഹാരം കാണണം. ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന പേരിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറിൽ വ്യാപകമായി സ്കൂളുകൾ അടച്ച് പൂട്ടുകയാണ്. ഒരു വിദ്യാർത്ഥി ആണെങ്കിൽ പോലും സ്കൂൾ നില നിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തേണ്ട ഒന്നല്ല. വിദ്യാഭ്യാസം അവകാശമാണ്.

വയനാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ വലിയ കാരണമാണ്. അത് പരിഹരിച്ചേ മതിയാവൂ… വയനാടിന്റെ സമഗ്ര വികസനത്തിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അനിവാര്യമാണ്

Post a Comment

Previous Post Next Post
Join Our Whats App Group