Join News @ Iritty Whats App Group

യുപിഐക്ക് ഇനി ചാര്‍ജ് ഈടാക്കുമോ? വിശദീകരണവുമായി ആര്‍ബിഐ ഗവര്‍ണര്‍

യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ.) ഇടപാടുകള്‍ക്ക് നിലവില്‍ യാതൊരുവിധ ചാര്‍ജുകളും ഈടാക്കാന്‍ ഒരു നിര്‍ദേശവും ഇല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. പുതിയ പണനയ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.. സൗജന്യമായി തുടരുന്ന യു.പി.ഐ.ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും, ഈ സംവിധാനം മുന്നോട്ട് പോകാനും വളരാനും അതിന്റെ നടത്തിപ്പ് ചെലവ് ഒടുവില്‍ ആരെങ്കിലും വഹിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അത് കൂട്ടായോ വ്യക്തിപരമായോ ആകാം. ഡിജിറ്റല്‍ ഇടപാടുകളില്‍ റെക്കോര്‍ഡ് വളര്‍ച്ചയ്ക്ക് കരുത്തേകിയ യുപിഐ.സൗജന്യ സേവനം തുടരുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ഗവര്‍ണറുടെ നിര്‍ണായക വിശദീകരണം.

ചെലവ് വഹിക്കേണ്ടത് ആര്?

കഴിഞ്ഞ പണനയ യോഗത്തിനുശേഷവും യു.പി.ഐ. ചാര്‍ജുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം നല്‍കിയിരുന്നു. യു.പി.ഐ.ക്ക് എന്നെന്നേക്കുമായി സൗജന്യമായി തുടരാനാവുമെന്ന് പറഞ്ഞിട്ടില്ലെന്നും യു.പി.ഐ. ഇടപാടുകള്‍ക്ക് ചെലവുണ്ടെന്നും അത് ആരെങ്കിലും വഹിക്കണം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഈ സംവിധാനത്തിന്റെ സുസ്ഥിരതയ്ക്ക്, കൂട്ടായോ വ്യക്തിപരമായോ ആരെങ്കിലും ചെലവ് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കകൾ

യു.പി.ഐയുടെ നിലവിലെ സൗജന്യ മാതൃകയുടെ സുസ്ഥിരതയെക്കുറിച്ച് ഗവര്‍ണര്‍ പലതവണ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ആര്‍.ബി.ഐയുടെ കണക്കുകള്‍ പ്രകാരം, 2025 ഓഗസ്റ്റില്‍ യു.പി.ഐ. വഴി 20 ബില്യണ്‍ (2000 കോടി) ഇടപാടുകളാണ് നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 34% വര്‍ധനവാണിത്. നിലവില്‍, യു.പി.ഐ. ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നിലനിര്‍ത്തുന്നതിനായി അതിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് തുടരുകയാണ്.

പേടിഎം ഓഹരിക്ക് മുന്നേറ്റം

യു.പി.ഐ. ചാര്‍ജുകള്‍ ഉണ്ടാകില്ലെന്ന ഗവര്‍ണറുടെ ഉറപ്പ് യു.പി.ഐ.യുമായി ബന്ധപ്പെട്ട ഓഹരികളിലും പ്രതിഫലിച്ചു. എന്‍.എസ്.ഇ.യില്‍ പേടിഎം ഓഹരികള്‍ 2%ത്തിലധികം ഉയര്‍ന്ന് 1,147 രൂപയിലെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group