കണ്ണൂർ:ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ട കോടതി വിധിയിൽ പ്രതികരണവുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി പ്രേമരാജൻ. അന്വേഷണത്തിലെ അപാകത പൊലീസിന്റെ വീഴ്ചയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കേസിൽ അന്വേഷണം നടന്നത്. ജയിൽ ഉദ്യോഗസ്ഥരെ തല്ലുന്ന പ്രതികൾക്കെതിരെ നിഷ്പക്ഷമായി സാക്ഷി പറയാൻ ആളെ കിട്ടിയില്ലെന്നും കോടതി വിധിയിൽ അപ്പീൽ പോകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി പ്രേമരാജൻ പറഞ്ഞു.
പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്ന് പ്രതിഭാഗവും പ്രതികരിച്ചു. തെളിവുകളും കെട്ടിച്ചമച്ചതാണ്. ബോംബ് സ്ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്നും ദൃക്സാക്ഷികളായി ഹാജരാക്കിയത് മൂന്ന് ബിജെപി പ്രവർത്തകരെയായിരുന്നുവെന്നും സികെ ശ്രീധരൻ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരായ യുവാക്കൾ കൊല്ലപ്പെട്ട കേസിലാണ് 14 സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്.
പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി
പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. 2010 മെയ് 28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് മറ്റു പ്രതികൾ.
കഴിഞ്ഞ ജനുവരിയിലാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൂന്ന് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടിപി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ജയിലിൽ കഴിയുന്ന കൊടിസുനിയെ ഉൾപ്പെടെ വിചാരണക്കായി കോടതിയിൽ എത്തിച്ചിരുന്നു.
30 വയസിന് താഴെ പ്രായമുള്ളവരായിരുന്നു കേസിലെ പ്രതികൾ. വിജിത്ത്, ഷിനോജ് എന്നീ യുവാക്കൾ മാഹി കോടതിയിൽ പോയിവരുന്നതിനിടെയായിരുന്നു ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വീഴ്ത്തിയായിരുന്നു കൊലപാതകം. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സികെ ശ്രീധരനും കെ വിശ്വനുമാണ് ഹാജരായി.
Post a Comment