Join News @ Iritty Whats App Group

സാമ്പത്തിക തട്ടിപ്പുകള്‍ പിടികൂടാന്‍ എഐ; ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുമായി റിസർവ് ബാങ്ക്

മുംബൈ:രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ വമ്പന്‍ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും മുമ്പ് എഐ സഹായത്തോടെ ഈ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യും. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫിൻടെക് ആവാസവ്യവസ്ഥയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ പ്ലാറ്റ്‌ഫോം എന്നും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ നടപടി

വഞ്ചനാപരമായ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകൾ ഉടനടി തിരിച്ചറിയാനും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തടയാനും സഹായിക്കുന്ന പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. എഐ അധിഷ്‌ഠിതമായാണ് ഈ ആര്‍ബിഐ രൂപകല്‍പന റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിർന്ന പൗരന്മാർ, പരിമിതമായ ഡിജിറ്റൽ സാക്ഷരതയുള്ള വ്യക്തികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഉത്പന്നങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്യണമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഫിൻടെക് സ്ഥാപനങ്ങളോട് പറഞ്ഞു. അടുത്ത തലമുറ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എഐയെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ 10,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ വിഭാഗത്തിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടന്നിട്ടുണ്ടെന്നും രാജ്യത്തെ ഫിൻടെക് ഇക്കോസിസ്റ്റത്തെ പ്രശംസിച്ചുകൊണ്ട് സഞ്ജയ് മൽഹോത്ര പറഞ്ഞു. ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം, സർക്കാർ നയങ്ങൾ, സാങ്കേതിക പ്രതിഭകളുടെ വലിയൊരു കൂട്ടം എന്നിവയാണ് ഡിജിറ്റലൈസേഷനിൽ രാജ്യത്തിന്‍റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ എന്നും അദേഹം വ്യക്തമാക്കി.

വളരുന്നു യുപിഐ പേയ്‌മെന്‍റ് സംവിധാനം

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം സമീപ വർഷങ്ങളിൽ വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. യുപിഐ, മൊബൈൽ വാലറ്റുകൾ, ക്യുആർ അധിഷ്‌ഠിത പേയ്‌മെന്‍റുകൾ എന്നിവ വളരെയധികം ജനപ്രിയമായി. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറിൽ മാത്രം യുപിഐ ഇടപാടുകൾ 14 ട്രില്യൺ രൂപ കവിഞ്ഞു. യുപിഐ പേയ്‌മെന്‍റ് പ്രക്രിയ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ എന്‍പിസിഐ ബയോമെട്രിക് ഒതന്‍റിക്കേഷൻ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. 2016 ഏപ്രിലിൽ ആരംഭിച്ചതിനു ശേഷം യുപിഐ സംവിധാനത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണിത്. ഉപയോക്താക്കൾക്ക് യുപിഐ പണമിടപാടിന് ഇനി പിൻ കോഡിന് പകരം അവരുടെ ഫെഷ്യല്‍ റെകഗ്‌നിഷനും വിരലടയാളവും ഉപയോഗിച്ച് ഒതന്‍റിക്കേഷൻ ചെയ്യാൻ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group