Join News @ Iritty Whats App Group

'പി എം ശ്രീ'യിൽ ഒപ്പുവയ്ക്കാതെ തമിഴ്നാട്, വാർത്ത പങ്കുവെച്ച് സച്ചിദാനന്ദൻ; സിപിഎമ്മിനെ പരിഹസിച്ച് സാറാ ജോസഫ്, വിമർശനം രൂക്ഷം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ വ്യാപക വിമർശനം. സിപിഐക്ക് പിന്നാലെ എതിർപ്പ് പരോക്ഷമായി പറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനും രൂക്ഷ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫും രംഗത്തെത്തി. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാതെ തമിഴ്നാട് എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സച്ചിദാനന്ദൻ എതിർപ്പ് പ്രകടിപ്പിച്ചത്. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്‍ണ്ണായകമാവുന്നുവെന്നാണ് വാർത്ത പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്.പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ രൂക്ഷ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫും രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ഹിന്ദുത്വയിലുണ്ടാകുന്ന പിഎംസി കുട്ടികൾക്കായി കാലം കാത്തിരിക്കുകയാണ് എന്നായിരുന്നു സാറാ ജോസഫിന്റെ പരിഹാസം.

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ കടുത്ത അമർഷം പരസ്യമാക്കുകയാണ് സിപിഐ. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. നിർണായക സിപിഐ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. വിഷയം യോഗത്തിൽ ചർച്ചയാകും. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്നായിരുന്നു സെക്രട്ടറിയേറ്റ് തുടങ്ങും മുമ്പ് ബിനോയ് വിശ്വം പ്രതികരിച്ചത്. മുന്നണി വിടുമോയെന്ന ചോദ്യത്തിന്, യോഗത്തിന് ശേഷം പറയാമെന്നായിരുന്നു മറുപടി. 

എന്നാൽ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Post a Comment

Previous Post Next Post
Join Our Whats App Group