Join News @ Iritty Whats App Group

പ്രൊഫ ടിജെ ചന്ദ്രചൂഡൻ പുരസ്കാരം ജി സുധാകരന്; പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമ്മാനിക്കും

തിരുവനന്തപുരം: പ്രൊഫ. ടിജെ ചന്ദ്രചൂഡൻ പുരസ്കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നൽകുന്ന പ്രതിഭകൾക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തു. ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. 

ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു. ജി സുധാകരൻ പുരസ്കാരം ഏറ്റുവാങ്ങാനെത്തും. സിപിഎമ്മുമായി ഇടഞ്ഞ‌ുനിൽക്കുന്നതിനിടെയാണ് ജി സുധാകരന് ആര്‍എസ്‍പിയുടെ പുരസ്കാരം. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെയാണ് സുധാകരനെ തേടി പുരസ്കാരവുമെത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group