Join News @ Iritty Whats App Group

ഷാഫിക്കെതിരായ പൊലീസ് അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസിന്‍റെ ഐജി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, സ്ഥലത്ത് വൻപൊലീസ് സന്നാഹം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് പരിഹാരമായില്ല. വലിയ തോതിൽ സംഘടിച്ചാണ് പ്രവര്‍ത്തകരെത്തിയത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പൊലീസ് ഇടപെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയെങ്കിലും ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്.

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദനമേറ്റതിന് പിന്നാലെ മട്ടാഞ്ചേരിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാര്‍ഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. സംസ്ഥാന വ്യാപകമായി പലയിടത്തും പ്രതിഷേധം രൂക്ഷമാകുകയാണ്. സ്ഥലത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group