Join News @ Iritty Whats App Group

സ്കൂൾ ഹിജാബ് വിവാദം; ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണമെന്ന് മാനേജ്മെന്റ്, വിദ്യാർത്ഥിനി ഇന്നും സ്കൂളിലെത്തില്ല

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെ. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് മാനേജ്മെന്‍റ്. അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ അച്ഛൻ അനസിന്‍റെ പ്രതികരണം. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സ്കൂള്‍ പിടിഎ പ്രസിഡന്‍റ് പറഞ്ഞു. ഹിജാബ് ധരിക്കാതെ സ്കൂളില്‍ വരണമെന്ന സ്കൂള്‍ മാനേജ്മെന്‍റിന്‍റെ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റിനെ വിമര്‍ശിച്ചുളള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദമാണ് വീണ്ടും തലപൊക്കിയത്.

മുന്‍പ് നിബന്ധന സ്വീകാര്യമെന്ന് വ്യക്തമാക്കിയ രക്ഷിതാവ് സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാമെന്ന നിലപാട് മാനേജ്മെന്‍റും ആവര്‍ത്തിക്കുന്നു. അനിശ്ചിതത്വം തുടരുന്നതിനിടെ, കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് പിതാവ് പറഞ്ഞു. പനിയെന്നാണ് വിശദീകരണം. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി പിടിഎ പ്രസിഡന്‍റ് ജോഷി കൈതവളപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ അന്വേഷിച്ചെന്ന് പറയുന്ന ഡിഇഒയുടെ ഫോൺ റെക്കോര്‍ഡ് പിടിഎ പ്രസിഡന്‍റ് പുറത്തുവിട്ടു. വിവാദത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഹൈക്കോടതി നിര്‍ദേശമുള്ളതിനാൽ പൊലീസ് സംരക്ഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group