ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന്റെയും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. കഞ്ചാവ് കേസിലും വേടനെതിരെ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 28ന് വേടന്റെ ഫ്‌ലാറ്റിൽ നിന്നാണ് ഹിൽപാലസ് പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. പരിപാടിക്കായി തയാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കഞ്ചാവ് ഉപയോഗിച്ചതെന്നായിരുന്നു വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
Post a Comment