Join News @ Iritty Whats App Group

സൗദിയിൽ അനധികൃത പ്രവാസികൾക്കെതിരെ നടപടി, ഒരാഴ്ചയ്ക്കിടെ 23,094 പേർ അറസ്റ്റിൽ

റിയാദ്: രാജ്യത്തെ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിലാണ് ഈ അറസ്റ്റുകൾ നടന്നത്.

അറസ്റ്റിലായവരിൽ 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാനിയമം ലംഘിച്ചവരും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. ആകെ 22,989 നിയമലംഘകരെ യാത്രാ രേഖകൾക്കായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും, 3,568 പേരെ യാത്രാ നടപടികൾ പൂർത്തിയാക്കാനായി റഫർ ചെയ്യുകയും 13,725 പേരെ നാടുകടത്തുകയും ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ 2,061 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 43 ശതമാനം യെമൻ പൗരന്മാരും, 56 ശതമാനം എത്യോപ്യൻ പൗരന്മാരും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 27 പേരെ അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കവെ അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് യാത്രാ സൗകര്യം, താമസസ്ഥലം, തൊഴിൽ എന്നിവ നൽകിയതുമായി ബന്ധപ്പെട്ട് 17 പേരെയും പിടികൂടി. നിലവിൽ, 31,614 നിയമലംഘകർ നിയമനടപടികൾ നേരിടുന്നുണ്ട്. ഇവരിൽ 29,933 പുരുഷന്മാരും 1,681 സ്ത്രീകളും ഉൾപ്പെടുന്നു.

നിയമലംഘകർക്ക് രാജ്യത്തേക്ക് അനധികൃതമായി പ്രവേശനം സുഗമമാക്കുകയോ, രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ അവരെ കടത്തുകയോ, താമസ സൗകര്യമോ മറ്റ് സഹായങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ താമസസ്ഥലങ്ങളോ കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘന കേസുകൾ കണ്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group