Join News @ Iritty Whats App Group

കഫ് സിറപ്പ് കഴിച്ച് 2 കുട്ടികൾ മരിച്ചെന്ന് പരാതി; മരുന്നിന് ഒരു പ്രശ്നവുമില്ലെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ ബോധരഹിതനായി

ജയ്പൂർ: ചുമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ രണ്ട് കുട്ടികൾ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ, ആ കഫ് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ അബോധാവസ്ഥയിലായി. ബോധരഹിതനായി എട്ട് മണിക്കൂറിനു ശേഷം കാറിൽ നിന്നാണ് ഡോക്ടറെ കണ്ടെത്തിയത്. രാജസ്ഥാൻ സർക്കാരിനു വേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ രണ്ട് കുട്ടികൾ മരിക്കുകയും 10 പേർക്ക് അസുഖം ബാധിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടറും ബോധരഹിതനായി.

ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് അടങ്ങിയതും കെയ്‌സൺ ഫാർമ എന്ന കമ്പനി നിർമ്മിച്ചതുമായ കഫ് സിറപ്പിനെ കുറിച്ചാണ് പരാതി. മരുന്ന് കഴിച്ച് മണിക്കൂറുകൾക്ക് ശേഷം അഞ്ച് വയസ്സുകാരൻ മരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രാജസ്ഥാനിലെ സിക്കർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസ്സുകാരനായ നിതീഷിന് ചുമയും ജലദോഷവും വന്നതിനെ തുടർന്നാണ് മാതാപിതാക്കൾ ഞായറാഴ്ച രാത്രി ചിരാനയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) കൊണ്ടുപോയത്. സിഎച്ച്സിയിൽ നിന്ന് ലഭിച്ച കഫ് സിറപ്പ് രാത്രി 11:30 ഓടെ കുട്ടിക്ക് നൽകി. പുലർച്ചെ 3 മണിക്ക് എക്കിൾ എടുത്തതോടെ അമ്മ കുട്ടിക്ക് കുറച്ച് വെള്ളം നൽകി. അതിനു ശേഷം ഉറങ്ങിയ കുട്ടി പിന്നീട് ഉണർന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കൾ കുട്ടിയെ തിങ്കളാഴ്ച പുലർച്ചെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് രണ്ട് വയസ്സുകാരന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഇതേ കഫ് സിറപ്പ് കഴിച്ച രണ്ട് വയസ്സുകാരനായ സമ്രാട്ട് ജാതവ് ബോധരഹിതനായതായി മാതാപിതാക്കൾ പറഞ്ഞു. രണ്ട് വയസ്സുകാരനെ ഭരത്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ജയ്പൂരിലെ ജെകെ ലോൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച് സെപ്റ്റംബർ 22-ന് മരിച്ചു.

കഫ് സിറപ്പ് കഴിച്ച ഡോക്ടറും ബോധരഹിതനായി

ബയാനയിൽ 3 വയസ്സുകാരനായ ഗഗൻ കുമാർ കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ രോഗബാധിതനായതോടെ, സിറപ്പ് നിർദേശിച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ-ചാർജ് ഡോ. താരാചന്ദ് യോഗിയെ ഇക്കാര്യം അറിയിക്കാൻ കുട്ടിയുടെ അമ്മ ചെന്നു. എന്നാൽ സിറപ്പ് സുരക്ഷിതമാണെന്ന് ഡോക്ടർ വാദിച്ചു. തെളിയിക്കാൻ ഒരു ഡോസ് കഴിച്ചു. ആംബുലൻസ് ഡ്രൈവർ ആയ രാജേന്ദ്രനും നൽകി.

പിന്നീട് ഡോക്ടർ തന്റെ കാറിൽ ഭരത്പൂരിലേക്ക് പോയി. മയക്കം അനുഭവപ്പെട്ടതോടെ റോഡരികിൽ പാർക്ക് ചെയ്തു. ഡോക്ടറെ കുറിച്ച് വളരെ നേരം വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്തു. എട്ട് മണിക്കൂറിനു ശേഷം കാറിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തി. ആംബുലൻസ് ഡ്രൈവർക്കും സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടെങ്കിലും പിന്നീട് ഭേദമായെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സിറപ്പിന്‍റെ 22 ബാച്ചുകൾക്ക് നിരോധനം

രണ്ട് കുട്ടികൾ മരിച്ചെന്നും ചിലർക്ക് അസുഖം ബാധിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന്, രാജസ്ഥാൻ സർക്കാർ സിറപ്പിന്‍റെ 22 ബാച്ചുകൾക്ക് നിരോധനം ഏർപ്പെടുത്തി. വിതരണം നിർത്തിവെക്കുകയും ചെയ്തു. ഈ വർഷം ജൂലൈ മുതൽ 1.33 ലക്ഷം ബോട്ടിൽ സിറപ്പ് രാജസ്ഥാനിലെ രോഗികൾക്ക് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മരുന്ന് അമിതമായി നൽകിയതു കൊണ്ടാവാം കുട്ടികൾ രോഗബാധിതരായതെന്നാണ് ശിശുരോഗ വിദഗ്ദ്ധനായ ഡോ. പ്രദ്യുമാൻ ജെയിൻ പറഞ്ഞത്. ചികിത്സയിലുള്ള കുട്ടികൾ സുഖം പ്രാപിച്ചെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർമാർ ഈ സിറപ്പ് നിർദേശിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജസ്ഥാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ക്വാളിറ്റി കൺട്രോൾ എക്സിക്യൂട്ടീവ് ഡയറക്ടർ ജയ് സിംഗ് പറഞ്ഞു. 22 ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചുവരുന്നു. ഈ മരുന്നിന്‍റെ വിതരണം ഇപ്പോൾ നിർത്തിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group