മലപ്പുറം:കേരള പിഎസ്‍സി ഒക്ടോബർ 14ന് നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രൊഫസർ ബയോ കെമിസ്ട്രി, അസിസ്റ്റൻ്റ് പ്രൊഫസർ മൈക്രോ ബയോളജി പരീക്ഷകൾ അപ്രതീക്ഷിതമായി മാറ്റിയതിൽ ദൂരൂഹത ആരോപിച്ച് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരത്തും കോഴിക്കോടുമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അനുവദിച്ച് കിട്ടിയ പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്ര മധ്യേ, 13ന് വൈകീട്ട് 5:20 ഓടെയാണ് പരീക്ഷ റദ്ദാക്കിയ പിഎസ്‍സി അറിയിപ്പ് ലഭിച്ചത്.
നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ പുതുക്കിയ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനാണ് പരീക്ഷ മാറ്റുന്നത് എന്നാണ് പിഎസ്‍സിയുടെ ന്യായം. എന്നാൽ, നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ ഒടുവിലത്തെ പുതുക്കിയ മാനദണ്ഡം ഇറങ്ങിയത് 2025 ജൂലൈയിലാണ്. പുതുക്കിയ മാനദണ്ഡം ഇറങ്ങി നാല് മാസം കഴിഞ്ഞ് നിശ്ചയിച്ച പരീക്ഷ, തലേന്ന് വൈകീട്ട് റദ്ദാക്കിയതിലാണ് ദുരൂഹത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ എംഎസ്‍സിയും പിഎച്ച്ഡിയുമുള്ളവർക്ക് അസി. പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാം. അതത് വകുപ്പിലെ ഒഴിവിൻ്റെ 30 ശതമാനം വരെ എംഎസ്‍സി, പിഎച്ച്ഡികാരെ എടുക്കാം എന്നാണ് ഇളവ്. ഒഴിവിൻ്റെ മൂന്നിരട്ടിയോളം എംഡി കഴിഞ്ഞ അപേക്ഷകർ ഉണ്ടായിരിക്കേ, എന്തിനാണ് പരീക്ഷകൾ റദ്ദാക്കിയത് എന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം. ബയോ കെമിസ്ട്രിയിൽ 62 പേരും മൈക്രോ ബയോളജിയിൽ 115 ഉം അപേക്ഷകരുണ്ടായിട്ടാണ് പരീക്ഷ റദ്ദാക്കൽ.
Post a Comment