തിരുവന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ
നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎൽ വ്യക്തമാക്കിയിരുന്നു. 2003ൽ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനൽകലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎൽ ലിമിറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിന് ബിപിഎൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയർത്തുന്നതുമാണെന്ന് ബിപിഎൽ സിഇഒ ശൈലേഷ് മുദലർ പറഞ്ഞു. പതിച്ചു നൽകിയ ഭൂമിയിൽ 1996 നും 2004 നും ഇടക്ക് ബിപിഎൽ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.
അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മുമ്പ് പറഞ്ഞിരുന്നു. മെസി തട്ടിപ്പ് മറച്ചുവെക്കാനാണെന്ന് തനിക്കെതിരായ ഭൂമി വിൽപ്പന ആരോപണം ഉന്നയിക്കുന്നത്. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നും ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Post a Comment