മമ്പറം: മമ്പറം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശം നിർത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കുന്നതിനിടെ തലകീഴായി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കുന്നിരിക്ക എല്‍പി സ്കൂളിന് സമീപം മിഥുൻ നിവാസില്‍ കൈപ്രത്ത് മോഹനൻ (55) ആണ് മരിച്ചത്. ഷുഗർ പരിശോധനയ്ക്കായി മമ്ബറത്തെ ആസ്പത്രിയിലെത്തിയതായിരുന്നു മോഹനൻ. പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പുഴയ്ക്ക് അഭിമുഖമായി നിർത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി 18 അടിയോളം താഴ്ചയില്‍ പുഴയിലേക്ക് പതിച്ചു. കരിങ്കല്ലുകൊണ്ട് ഭാഗികമായി കെട്ടിനിർത്തിയ പുഴയുടെ പാർശ്വഭിത്തിയിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോഡ്രൈവർമാരും വ്യാപാരികളും രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും പുഴയുടെ ആഴവും ഒഴുക്കും തടസ്സമായി. ശക്തമായ ഒഴുക്കില്‍ ഏറെദൂരം മുന്നോട്ടുനീങ്ങിയ ഓട്ടോ വടവും തോണിയുമെത്തിച്ച് ഏറെനേരം പണിപ്പെട്ടാണ് നാട്ടുകാർ കരക്കെത്തിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പിണറായി പോലീസും സ്ഥലത്തെത്തി.
വീഴ്ചയുടെ ആഘാതത്തില്‍ ഓട്ടോയുടെ പുറകുവശത്തെ സീറ്റില്‍ മോഹനന്റെ കാല്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പഴയിടത്ത് പ്രസീത. മക്കള്‍: പി. മിഥുൻ (പെയിന്റിങ് തൊഴിലാളി), ശ്രേയ. മരുമക്കള്‍: കീർത്തന, നിഖിൻ ശ്രീധരൻ. സഹോദരങ്ങള്‍: പ്രസന്ന, ശശീന്ദ്രൻ (കണ്ടക്ടർ), വത്സല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് പയ്യാമ്ബലത്ത്.
Post a Comment