Join News @ Iritty Whats App Group

ആറളം തോട്ടുകടവ് പാലം: അപ്രോച്ച്‌ റോഡിനായി കാത്തിരിപ്പ് നീളുന്നു

രിട്ടി: ആറളം തോട്ടുകടവ് പാലത്തിന്‍റെ ഇരുകരകളിലേയും സംരക്ഷണ ഭിത്തിയുടെ നിർമാണവും അപ്രോച്ച്‌ റോഡ് നിർമാണവും നീളുന്നു.

പാലത്തിന്‍റെ ഉപരിതല വാർപ്പ് പൂർത്തിയാക്കിട്ട് നാലുമാസം കഴിഞ്ഞെങ്കിലും നിലവില്‍ ചുരുങ്ങിയ തൊഴിലാളികള്‍ മാത്രമാണ് അനുബന്ധ പ്രവൃത്തികള്‍ ചെയ്യുന്നത്. ഇതേ രീതി തുടർന്നാല്‍ പാലവും റോഡും എന്ന് തുറന്ന് കിട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.25 കോടി ചെലവിട്ട് നിർമിക്കുന്ന തോട്ടുകടവ് പാലത്തിന്‍റെ നിർമാണം 10 മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം നല്‍കിയ ഉറപ്പ്. നിലവിലുള്ള പാലം പൊളിച്ചു നീക്കി പുതിയ പാലത്തിന്‍റെ നിർമാണം തുടങ്ങിയതോടെ ബദല്‍ സംവിധാനം ഇല്ലാതെ തോട്ടുകടവ്, പൂതക്കുണ്ട്, ഏച്ചില്ലം, പായം, കോണ്ടമ്ബ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഒന്നര വർഷമായി യാത്രാദുരിതത്തിലാണ്.

ലോക്‌സഭാ തിെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്പ് നിർമാണ ഉദ്ഘാടനം ചെയ്യുകയും മഴയെത്താൻ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിലവിലെ പഴയ പാലം പൊളിച്ചു നീക്കുകയും ചെയ്തു. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കാതെയാണ് പഴയ പാലം പൊളിച്ചു നീക്കിയത്. ഇതോടെ വാഹന ഗതാഗതം തോട്ടുകടവ് കൂട്ടക്കളം വഴി തിരിച്ചു വിട്ടു.

പൂതക്കുണ്ട്, ആറളം ഭാഗങ്ങളിലുള്ളവർക്ക് മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നെങ്കിലും പുതിയ പാലമെന്ന പ്രതീക്ഷയില്‍ അല്പകാലത്തേക്ക് ദുരിതം സഹിക്കാൻ നാട്ടുകാരും തയാറായി. തെരഞ്ഞെടുപ്പു കാലത്തെ നിർമാണം പിന്നീട് മന്ദഗതിയിലായി. മൂന്ന് മാസം കൊണ്ട് പാലത്തിന്‍റെ തൂണുകളുടെ രണ്ട് പൈലിംഗ് മാത്രമാണ് പൂർത്തിയായത്. പിന്നീട് കുറെക്കാലം നിർമാണം പൂർണമായും സ്തംഭിച്ചു.
നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡിലെ പാലം പൊളിച്ചു മാറ്റുമ്ബോള്‍ ഉണ്ടാകാനിടയുളള പ്രയാസം പോലും അധികൃതർ കണക്കിലെടുക്കുന്നില്ല. താത്ക്കാലിക നടപ്പാലം അപകടഭീഷണിയിലാണ്.

ആറളം ഹയർസെക്കൻഡറി സ്‌കൂളിലേക്കും ആറളം, പൂതക്കുണ്ട് മേഖലയിലുള്ളവർക്ക് എളുപ്പത്തില്‍ ഇരിട്ടിയിലേക്കും പായം, കോണ്ടമ്ബ്ര തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് മലയോര ഹൈവേ വഴി എളുപ്പത്തില്‍ മറ്റ് പ്രദേശങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റൂട്ടാണ് ദുരിതത്തിലായത്. നാട്ടുകാർ കുറച്ച്‌ കാലത്തേക്കായി നിർമിച്ച താല്ക്കാലിക പാലം ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. പാലത്തിന്‍റെ സൈഡ് ഭിത്തിയുടെ നിർമാണം പൂർത്തിയാക്കി മണ്ണ് നിറച്ച്‌ കാല്‍ നടയാത്രയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group