Join News @ Iritty Whats App Group

‘പ്രതീക്ഷിച്ച ആളില്ല, പരിപാടി റദ്ധാക്കി സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി മന്ത്രി ഗണേഷ് കുമാർ’; അസിസ്‌റ്റൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്


മോട്ടോർ വാഹനവകുപ്പിൻ്റെ പരിപാടിക്ക് ആൾ കുറഞ്ഞതിൽ നടപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹന ഫ്ളാഗ് ഓഫിന്റെ ചുമതലയുണ്ടായിരുന്ന അസിസ്‌റ്റൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം കനകക്കുന്നിൽ നടത്താൻ നിശ്ചയിച്ച മോട്ടോർ വാഹനവകുപ്പിലെ പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ ആളില്ലാത്തതിനാൽ മന്ത്രി ക്ഷോഭിച്ച് പരിപാടി റദ്ദാക്കിയതും ഇറങ്ങിപ്പോയതും.

ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് ഇന്നലെ തന്നെ വേദിയിൽ മന്ത്രി പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടിയെടുക്കുമെന്നാണ് നിലപാട്. ഫ്ലാഗ് ഓഫ് പരിപാടിയിൽ ആളെ കൂട്ടുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാരോപിച്ചാണ് നോട്ടീസ് നൽകിയത്.

മോട്ടോർ വാഹനവകുപ്പ് പുതുതായി നിരത്തിലിറക്കുന്ന 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്ന കനകക്കുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാഹനങ്ങൾ ക്രമീകരിച്ചത് ശരിയായില്ലെന്നും കാഴ്ചക്കാരായി ആരുമെത്തിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. എന്നാൽ ആളുകുറയാൻ കാരണം ജീവനക്കാരുടെ അവധിയെന്നാണ് മോട്ടോർ വാഹനവകുപ്പിൻ്റെ അനൗദ്യോഗിക വിശദീകരണം. ഇന്ന് മുതൽ നവരാത്രി അവധി തുടങ്ങുന്നത് മുന്നിൽ കണ്ട് ഇന്നലെ തന്നെ മോട്ടോർ വാഹനവകുപ്പിലെ പലരും അവധിയെടുത്തിരുന്നു. ഇതോടെയാണ് പരിപാടിക്ക് ജീവനക്കാർ പോലും പങ്കെടുക്കാത്ത സാഹചര്യമുണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group